സംസ്ഥാനത്ത് പുതിയ 406 പ്ലസ് വണ്‍ ബാച്ചുകള്‍
Daily News
സംസ്ഥാനത്ത് പുതിയ 406 പ്ലസ് വണ്‍ ബാച്ചുകള്‍
ന്യൂസ് ഡെസ്‌ക്
Thursday, 19th June 2014, 10:34 pm

school-students[] തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് 406 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ ധാരണയായി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, പി.ജെ.ജോസഫ് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം.

ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പാരലല്‍ കോളേജുകളെ ആശ്രയിക്കുന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുക. ആകെ അനുവദിക്കുന്ന 406 ബാച്ചുകളില്‍ 289 എണ്ണം എയ്ഡഡ് മേഖലയിലാണ്. 116 ബാച്ചുകളാണ് സര്‍ക്കാര്‍ സ്‌കുളുകള്‍ക്ക് ലഭിക്കുക. റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ ഒരു ബാച്ചും അനുവദിക്കും.

പ്ലസ് വണ്‍ സീറ്റുകള്‍ കുറവുളള പ്രദേശങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കാനാണ് പുതിയ ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം. എറണാകുളം മുതല്‍ വടക്കോട്ടുളള ജില്ലകളില്‍ മാത്രം പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ എല്ലാ ജില്ലകളില്‍ നിന്നും പുതിയ ബാച്ചിനായി അപേക്ഷകള്‍ സ്വീകരിക്കുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ 102 ബാച്ചുകളാണ് അനുവദിക്കുന്നത്. 45 പുതിയ ബാച്ചുകള്‍ ലഭിക്കുന്ന കോഴിക്കോടാണ് മലപ്പുറത്തിനു ശേഷം കൂടുതല്‍ ബാച്ചുകള്‍ ലഭിക്കുന്ന ജില്ല.