കോടതിയുത്തരവ് കാറ്റിൽപ്പറത്തി; തമിഴ്നാട്ടിൽ മാൻഹോൾ വൃത്തിയാക്കുന്നതിടെ ദളിത് യുവാവിന് ദാരുണാന്ത്യം
national news
കോടതിയുത്തരവ് കാറ്റിൽപ്പറത്തി; തമിഴ്നാട്ടിൽ മാൻഹോൾ വൃത്തിയാക്കുന്നതിടെ ദളിത് യുവാവിന് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2025, 7:56 am

ചെന്നൈ: തമിഴ്നാട്ടിൽ മാൻഹോൾ വൃത്തിയാക്കുന്നതിടെ ദളിത് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. തിരുനെൽവേലി ജില്ലയിൽ നിന്നുള്ള സുഡലൈമണിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മലിനജലം വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സുഡലൈമണി മാൻഹോളിലേക്ക് വീഴുകയായിരുന്നു.

മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും ഡ്രൈനേജ് വൃത്തിയാക്കലും ഇന്ത്യയിൽ നിരോധിച്ചതാണ്. ഇവ നിർത്തലാക്കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിട്ടുണ്ട്. എങ്കിലും പല ഇന്ത്യൻ നഗരങ്ങളിലും ഇത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

സുഡലൈമണി ഒരു കരാർ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. ജൂൺ എട്ട് ഞായറാഴ്ച, തിരുച്ചെണ്ടൂർ മുനിസിപ്പാലിറ്റി, ആശുപത്രിക്ക് പിന്നിലുള്ള ഡ്രെയിനേജ് സംവിധാനത്തിലെ തടസം നീക്കം ചെയ്യുന്നതിനായി അദ്ദേഹത്തെയും മറ്റ് ശുചീകരണ തൊഴിലാളികളെയും വിളിക്കുകയായിരുന്നു.

മാൻഹോളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുഡലൈമണി കാൽ വഴുതി അകത്തേക്ക് വീണു. ഫയർ ആൻഡ് റെസ്ക്യൂ ടീം അദ്ദേഹത്തെ പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടർമാർ എത്തിയപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

എന്നാൽ സംഭവത്തിൽ സെക്ഷൻ 194 (ആകസ്മിക മരണം) പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ മെയ് 21 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നടന്ന തോട്ടിപ്പണി ദുരന്തത്തിൽ മൂന്ന് പേര് മരണപ്പെട്ടിരുന്നു. മലിനജല ടാങ്കിലെ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദളിത് യുവാക്കളായ ഹരി കൃഷ്ണൻ, ശരവണൻ, വേണുഗോപാൽ എന്നിവരാണ് മരണപ്പെട്ടത്.

തിരുപ്പൂരിലെ കാരൈപുദൂരിലെ ഒരു സ്വകാര്യ ഡൈയിങ് ഫാക്ടറിയിലെ ഏഴ് അടി ആഴമുള്ള മലിനജല ടാങ്ക് വൃത്തിയാക്കാൻ എത്തിയ അഞ്ച് പേരിലെ മൂന്ന് പേരാണ് മരണപ്പെട്ടത്. യാതൊരു സംരക്ഷണ ഉപകരണങ്ങളും ഇല്ലാതെയായിരുന്നു ഇവരെ ടാങ്കിൽ ഇറക്കിയതെന്ന് പൊലീസ് പറഞ്ഞു. ടാങ്കിൽ നിന്ന് പുറത്തുവന്ന വിഷലിപ്തമായ മീഥെയ്ൻ വാതകം ശ്വസിച്ച തൊഴിലാളികളുടെ ബോധം നഷ്ടപ്പെടുകയായിരുന്നു.

മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ 2013ൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിരോധിക്കുകയും അവരുടെ പുനരധിവാസ നിയമവും കൊണ്ടുവന്നു. ഇത് ഇന്ത്യയിൽ മനുഷ്യ വിസർജ്ജ്യം കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും നിരോധിച്ചു. മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

ഈ വർഷം ജനുവരിയിൽ, ചെന്നൈ, ഹൈദരാബാദ്, ദൽഹി, ബെംഗളൂരു, കൊൽക്കത്ത, മുംബൈ എന്നീ പ്രധാന നഗരങ്ങളിൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഇപ്പോഴും അത് തുടരുന്ന ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Content Highlight: 40-year-old Dalit manual scavenger falls into manhole in Tamil Nadu; dies