എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയ സംഘര്‍ഷം: യു.പിയിലെ ഒരു ഗ്രാമത്തില്‍നിന്നും 40 മുസ്‌ലീങ്ങള്‍ പലായനം ചെയ്തു
എഡിറ്റര്‍
Monday 3rd April 2017 11:53am

ല്കനൗ: കഴിഞ്ഞയാഴ്ചയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് യു.പിയിലെ ഒരു ഗ്രാമത്തില്‍ നിന്നും 40 മുസ്‌ലീങ്ങള്‍ പലായനം ചെയ്തു. ഹാപൂര്‍ ജില്ലയിലെ ഉപൈഡ ഗ്രാമത്തിലെ ഏഴു കുടുംബങ്ങളില്‍ നിന്നുള്ള 40 പേരാണ് നാടുവിട്ടത്.

രണ്ടാഴ്ചമുമ്പ് ഇരുസമുദായങ്ങളിലെയും യുവാക്കള്‍ക്കിടയിലുണ്ടായ ചെറിയ സംഘര്‍ഷം പിന്നീട് വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മുസ്‌ലിം സമുദായത്തിലെ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു.

ഷാഖിബ്, സാബു, സമീര്‍ എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച ആക്രമിക്കപ്പെട്ടതെന്ന് ഉപൈഡ നിവാസിയായ സാക്കിറിനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: ഭീകരവാദമോ വിനോദസഞ്ചാരമോ? എന്തുവേണമെന്ന് കശ്മീരി യുവത തീരുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


മാര്‍ച്ച് 29ന് രണ്ടു മുസ്‌ലിം യുവാക്കള്‍ വീട്ടിലേക്കു പോകവെ നാലു യുവാക്കള്‍ അവരെ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നെന്നാണ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. യുവാക്കള്‍ ഇതിനെ എതിര്‍ത്തതോടെ അവര്‍ ആക്രമിക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

‘ മുസ്‌ലീം യുവാക്കളെ വീടുവരെ പിന്തുടര്‍ന്ന നാലു യുവാക്കള്‍ ആക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു.’ പ്രദേശവാസിയായ സാബിര്‍ പറയുന്നു.

അതിനിടെ മുസ്‌ലിം കുടുംബങ്ങള്‍ പലായനം ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ വെള്ളിയാഴ്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അജയ് ശ്രീവാസ്തവ പ്രദേശം സന്ദര്‍ശിച്ചിരുന്നു. അവരോടു തിരിച്ചുവരാന്‍ പറയണമെന്ന് പ്രദേശത്തെ മറ്റു കുടുംബങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗ്രാമത്തിലെ ചിലയാളുകള്‍ ഇവിടുത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. പൊലീസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആളുകള്‍ ഇവിടെനിന്നും പലായനം ചെയ്യേണ്ടി വരുന്ന തരത്തിലൊരു സംഘര്‍ഷമാവുമായിരുന്നില്ല. ‘ സാക്കിര്‍ പറയുന്നു.

ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ചിലയാളുകള്‍ മുസ് ലീങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശവാസിയായ സലീം പറഞ്ഞു.

Advertisement