ബീഹാറില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കില്‍ വീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു
Accident
ബീഹാറില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കില്‍ വീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 12:06 am

മുസഫര്‍പുര്‍: ബീഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ ഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കില്‍ വീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. മധുപന്‍ കാന്തി ഗ്രാമത്തിലെ ബാര ബര്‍ത്തി പഞ്ചായത്തില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടാകുന്നത്. പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കിന്റെ താല്‍ക്കാലിക പലക എടുത്തുമാറ്റാനായി പോയ ആള്‍ അബദ്ധവശാല്‍ അതിനുള്ളിലേക്ക് വീഴുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കുന്തന്‍ കുമാര്‍ പറഞ്ഞു.

‘ സെപ്റ്റിക് ടാങ്കില്‍ വീണയാളെ രക്ഷിക്കാനായി കുടുംബത്തിലെ മറ്റു മൂന്നുപേരുംകുഴിയിലിറങ്ങുകയായിരുന്നു. മൂന്നു പേരും ശ്വാസം മുട്ടിയാണ് മരിച്ചത്.’ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മധുസുദന്‍ സഹ്നി, കൗശല്‍ കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചവര്‍. നാലുപേരും 30-35 വയസ്സിനും ഇടയിലുള്ളവരാണ്. മൃതശരീരങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മിനാപുര്‍ സര്‍ക്കിള്‍ ഓഫിസര്‍ ഗ്യാന്‍ പ്രസാദ് ശ്രീവാസ്തവ പ്രഖ്യാപിച്ചു.