ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,247 ആയി ഉയര്‍ന്നതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം.
ലെബനന്‍ ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മാര്‍ച്ച് രണ്ട് മുതലുള്ള കാലയളവില്‍ 12,195 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശികമായ നയതന്ത്ര നീക്കങ്ങള്‍ക്കിടയിലും മേഖലയിലെ സാഹചര്യം ഇപ്പോഴും സങ്കീര്‍ണമായി തുടരുകയാണ്.
അമേരിക്ക ആതിഥേയത്വം വഹിച്ച അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ക്കൊടുവിലാണ് കഴിഞ്ഞ വെള്ളിയാഴ്ച വാഷിങ്ടണില്‍ വെച്ച് ലെബനനും ഇസ്രായേലും ഒരു കരാറില്‍ ഏര്‍പ്പെട്ടത്. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഒരു ത്രികക്ഷി ചട്ടക്കൂടിന്റെ (Trilateral Framework) ഭാഗമായായിരുന്നു ഈ വെടിനിര്‍ത്തല്‍ ധാരണ.
വാഷിങ്ടണില്‍ നടന്ന ഈ ചര്‍ച്ചകളില്‍ ഭാഗമല്ലാതിരുന്ന സായുധ സംഘടനയായ ഹിസ്ബുല്ല, ഇസ്രഈല്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ആരോപിച്ചു. ഞായറാഴ്ച ദക്ഷിണ ലെബനന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രഈല്‍ സൈന്യം ഒന്നിലധികം വ്യോമ-സൈനിക ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികള്‍ ദോഹയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നതിന് മുന്നോടിയായി ആക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്താന്‍ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മേഖലയിലെ സമാധാനവും സുസ്ഥിരതയും വീണ്ടെടുക്കാനുള്ള അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങള്‍ തുടരുമ്പോഴും, വെടിനിര്‍ത്തല്‍ കരാറിന് ശേഷവുമുള്ള ഇസ്രഈലിന്റെ ആക്രമണങ്ങള്‍ ലബനനിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്.
അതേസമയം, അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രഈലും ലെബനനും ഒപ്പുവെച്ച കരാറിനെ ഹിസ്ബുല്ല തള്ളിയിരുന്നു.
ഈ കരാര്‍ അസാധുവാണെന്നും, ലെബനന്റെ പരമാധികാരം ഇസ്രഈലിന് മുന്നില്‍ അടിയറവ് വെക്കുന്ന അപമാനകരമായ നീക്കമാണിതെന്നും ഹിസ്ബുല്ല തലവന്‍ നയീം ഖാസിം പറഞ്ഞു.
ഇസ്രഈല്‍ സൈന്യം ലെബനനില്‍ നിന്ന് പിന്മാറുന്നതിന് പകരമായി ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കണമെന്ന കരാറിലെ വ്യവസ്ഥയെ ഖാസിം ശക്തമായി എതിര്‍ത്തു. ഇത് എല്ലാ രേഖകളും ലംഘിക്കുന്ന അപകടകരമായ നിര്‍ദേശമാണെന്നും, ഇത്തരമൊരു നീക്കം ലെബനനെ ഇസ്രഈലിന്റെ കൈകളിലെ ഒരു കളിപ്പാട്ടമാക്കി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Content Highlight: 4,247 people have been killed in Israeli attacks in Lebanon since March 2.