കാര്യവട്ടം കാത്തിരിക്കുന്നു ലോക ചാമ്പ്യന്മാരുടെ കളിക്കായി; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും
Cricket
കാര്യവട്ടം കാത്തിരിക്കുന്നു ലോക ചാമ്പ്യന്മാരുടെ കളിക്കായി; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും
ഫസീഹ പി.സി.
Thursday, 25th December 2025, 9:28 pm

ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള ടി – 20 മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിന്റെ തലസ്ഥാന നഗരി. നാളെ (ഡിസംബര്‍ 26) തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ വനിതകളുടെ മത്സരം അരങ്ങേറുക. അതിനായി ഇരുടീമുകളും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഇതിന് ശേഷം പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങളും ഈ സ്റ്റേഡിയത്തില്‍ തന്നെ അരങ്ങേറും. നാളെ കേരളത്തിന്റെ മണ്ണില്‍ പോരിനിറങ്ങുമ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം ഒന്ന് മാത്രമാണ്. വിജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ് അത്.

ഇന്ത്യൻ വനിതാ ടീമംഗങ്ങൾ ശ്രീലങ്കക്ക് എതിരെയുള്ള പരമ്പരയ്ക്കിടെ. Photo: BCCI women/x.com

മറുവശത്ത് ശ്രീലങ്കന്‍ വനിതകള്‍ക്കാവട്ടെ ജയിച്ച് പരമ്പരയില്‍ നേരിയ പ്രതീക്ഷയെങ്കിലും നിലനിത്തുക എന്നതാവും ലക്ഷ്യമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ അനന്തപുരിയില്‍ കനത്ത പോരാട്ടം തന്നെ നടക്കും. ഇതിനായാണ് കേരളത്തിലെ ഓരോ ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര മത്സരം അരങ്ങേറുന്നത്. അതാവട്ടെ ഏകദിനത്തില്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതകളുടെ മത്സരവും. ഇന്ത്യയ്ക്ക് വിശ്വകിരീടം നേടിക്കൊടുത്ത ഹര്‍മനും സ്മൃതി മന്ഥാനയും ജെമീമ റോഡ്രിഗസും ദീപ്തി ശര്‍മയും ഷെഫാലി വര്‍മയുമെല്ലാമുള്ള ഇന്ത്യന്‍ നിര തന്നെയാണ് ഇറങ്ങുന്നതതെന്നും ആരാധകരുടെ ആവേശം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ വനിതാ ടീമംഗങ്ങൾ ശ്രീലങ്കക്ക് എതിരെയുള്ള പരമ്പരയ്ക്കിടെ. Photo: BCCI/x.com

ഈ ക്രിക്കറ്റ് ആവേശത്തിന് മുന്നില്‍ കളിച്ച് പരമ്പര നേടിയെടുക്കുക എന്നതാണ് ഇന്ത്യന്‍ വനിതകളുടെ ലക്ഷ്യം. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ചതിനാല്‍ ഇന്ത്യ നിലവില്‍ 2 – 0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. രണ്ടാം ടി – 20യില്‍ അത് ഏഴ് വിക്കറ്റിനും ടീം സ്വന്തമാക്കി.

ആദ്യ രണ്ട് മത്സരങ്ങളിലും ലങ്കന്‍ വനിതകള്‍ക്ക് യാതൊരു വിധ അവസരവും നല്‍കാതെയുള്ള അനായാസ വിജയമായിരുന്നു ഇന്ത്യയുടേത്. അതിനാല്‍ തന്നെ മൂന്നാം മത്സരത്തിലും ഇത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇന്ത്യന്‍ സംഘത്തിനുണ്ട്. അതേ ആത്മവിശ്വാസത്തില്‍ തന്നെയാവും കേരളത്തിലെ കാണികളും കളി കാണാനെത്തുന്നത്.

അതേസമയം, പരമ്പരയില്‍ നാളെത്തെ മത്സരത്തിന് പുറമെ രണ്ട് ടി – 20കള്‍ കൂടിയുണ്ട്. അതിന് കാര്യവട്ടം തന്നെയാണ് വേദിയാവുന്നത്. ഡിസംബര്‍ 28, 30 തീയതികളിലാണ് ഈ മത്സരം നടക്കുക.

Content Highlight: 3rd T20I between Indian women and Srilankan women will held at Karyavattam Stadium on December 26

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി