സന്ന്യാസിയാണെന്ന് അവകാശപ്പെടുന്ന സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍
D' Election 2019
സന്ന്യാസിയാണെന്ന് അവകാശപ്പെടുന്ന സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 7:03 pm

ന്യൂദല്‍ഹി: താന്‍ സന്ന്യാസിയാണെന്നും വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും പറഞ്ഞ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍. സാക്ഷി മഹാരാജ് നോമിനേഷനൊപ്പം നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളുള്ളത്.

വിദ്വേഷം വളര്‍ത്തല്‍, കളവ്, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസുകളുള്ളത്.

രണ്ടായിരത്തില്‍ സാക്ഷി മഹാരാജും അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കളും ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് എത്താഹിലെ ഒരു കോളേജ് പ്രിന്‍സിപ്പാള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാളും സുഹൃത്തും കാറില്‍ സഞ്ചരിക്കവെയാണ് ആക്രമിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ബലാത്സംഗക്കേസില്‍ ഒരുമാസം സാക്ഷി മഹാരാജിന് ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നു. അവസാനം വെറുതെ വിട്ടു.

പത്ത് വര്‍ഷം മുമ്പ് ഫാറൂഖാബാദിലെ സാക്ഷിയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന മണിപ്പൂരി സ്വദേശിനിയുടെ പരാതിയിലും സാക്ഷിയ്‌ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ബലാത്സംഗം നടന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

സ്വാമി സച്ചിദാനന്ദ് ഹരി എന്ന പേരിലും അറിയപ്പെടുന്ന സാക്ഷി മഹാരാജ് 1990കളില്‍ ബി.ജെ.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഫാറൂഖാബാദില്‍ നിന്നും രണ്ട് തവണ എം.പിയായിട്ടുള്ള സാക്ഷി മഹാരാജ് ബി.ജെ.പിയില്‍ നിന്നിറങ്ങി സമാജ്‌വാദി പാര്‍ട്ടിയിലും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിന്റെ രാഷ്ട്രീയ ക്രാന്തി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച ശേഷമാണ് വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

2014ല്‍ ജയിച്ച ഉന്നാവില്‍ തന്നെയാണ് ഇത്തവണയും സാക്ഷി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജയിപ്പിച്ചില്ലെങ്കില്‍ ശപിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

സാക്ഷി മഹാരാജിന്റെ പ്രസ്താവന

‘ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അതോടെ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്. പണമോ ഭൂമിയോ അല്ല ഞാന്‍ ആവശ്യപ്പെടുന്നത്, വോട്ട് തേടിയാണ് വന്നിരിക്കുന്നത്. നിങ്ങള്‍ വോട്ട് ചെയ്താല്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ അമ്പലത്തില്‍ ഭജനയും കീര്‍ത്തനവുമായി കഴിയും’-