യൂറോപ്പിലെ വംശീയ വിവേചനത്തില്‍ 33 ശതമാനം വര്‍ധനവ്; സര്‍വെ
World News
യൂറോപ്പിലെ വംശീയ വിവേചനത്തില്‍ 33 ശതമാനം വര്‍ധനവ്; സര്‍വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 7:29 pm

ആംസ്റ്റര്‍ഡാം: ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയുള്ള വംശീയത വര്‍ധിച്ചുവരുന്നതായി യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട്. മൗലികാവകാശങ്ങള്‍ക്കായുള്ള ഏജന്‍സി (എഫ്.ആര്‍.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ആഫ്രിക്കന്‍ വംശജരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി പരിതസ്ഥിതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനിലെ 6900ലധികം ആളുകളില്‍ മൂന്നിലൊന്ന് വ്യക്തികള്‍ 12 മാസമായി വംശീയ വിവേചനത്തിന് ഇരയായതായി ചൂണ്ടിക്കാട്ടി. 13 രാജ്യങ്ങളിലെ രണ്ട് തലമുറയിലുള്ള കുടിയേറ്റക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സര്‍വേ കണക്കനുസരിച്ച് ആറില്‍ നിന്ന് 10 ശതമാനമായി വംശീയത വര്‍ധിച്ചതായാണ് രേഖപ്പെടുത്തുന്നത്.

2016ലെ തങ്ങളുടെ സര്‍വേക്ക് ശേഷം ഒരു പുരോഗതിയും ഇല്ലാതിരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് എഫ്.ആര്‍.ഐ ഏജന്‍സി ഡയറക്ടര്‍ മൈക്കല്‍ ഫ്‌ലാഹെര്‍ട്ടി പറഞ്ഞു. അതേസമയം ചര്‍മത്തിന്റെ നിറം മൂലം ആഫ്രിക്കന്‍ വംശജര്‍ കൂടുതല്‍ വിവേചനം നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നാലില്‍ ഒരാളെന്ന കണക്കില്‍ തങ്ങളെ അനാവശ്യമായി പൊലീസ് തടയുന്നുണ്ടെന്നും ആളുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതിലൂടെ വംശീയ പ്രൊഫൈലിങ് രൂപീകരിക്കാന്‍ സമൂഹം ശ്രമിക്കുന്നതായി തോന്നുന്നുവെന്ന് ആളുകള്‍ അധികൃതരോട് പ്രതികരിച്ചതായി റിപ്പോര്‍ട്ട് പറഞ്ഞു.

കറുത്ത വര്‍ഗക്കാരായ ചെറുപ്പക്കാര്‍ നേരത്തെ വിദ്യാഭ്യാസം ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. യൂറോപ്പിലെ വംശീയതയുടെ പല സംഭവങ്ങളും അദൃശ്യമായി തുടരുന്നുവെന്നും അവ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും നിരീക്ഷകര്‍ പറയുന്നു. വംശീയ വിവേചനം, വംശീയ പീഡനം, അക്രമം എന്നിവ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും ആളുകളുടെ ശബ്ദം കേള്‍ക്കുന്നില്ലെന്നും ഒ ഫ്‌ലാഹെര്‍ട്ടി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ജര്‍മനിയിയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും ശേഖരിച്ച ഡാറ്റകള്‍ പ്രകാരം വംശീയ ദുരുപയോഗത്തിന്റെ തെളിവുകളില്‍ കുത്തനെയുള്ള വര്‍ധനവ് കാണിക്കുന്നുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വോട്ടെടുപ്പ് നടത്തിയതില്‍ ഏകദേശം മൂന്നില്‍ രണ്ട് ശതമാനം ആളുകളും തങ്ങള്‍ വംശീയ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ സര്‍വേ ഫലമനുസരിച്ച് 33 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്നും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വംശീയ അധിക്ഷേപ റിപ്പോര്‍ട്ടുകള്‍ ഇരട്ടിയായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഫ്രാന്‍സിലും ലക്‌സംബര്‍ഗിലും പോര്‍ച്ചുഗലിലും വംശീയ വിദ്വേഷം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, പോളണ്ട്, സ്വീഡന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കറുത്തവര്‍ഗക്കാരിലാണ് സര്‍വേ നടത്തിയത്.

Content Highlight: 33 percent increase in racial discrimination; European Union Survey