[share]

[]ന്യൂദല്‍ഹി: മുസാഫര്‍ നഗറിലെ കലാപത്തിനിരയായവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ ഇതുവരെ 33 കുട്ടികള്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.

കേന്ദ്ര അഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് ലോകസഭയെ അറിയിച്ചതാണ് ഇക്കാര്യം. മുസാഫര്‍ നഗര്‍ കലാപ ബാധിതരെ തീവ്രവാദ ഏജന്‍സികള്‍ സ്വാധീനിക്കുന്നുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണ് സിങ് ഇക്കാര്യം അറിയിച്ചത്.

ഷാംലി ജില്ലിയിലെ മലാക്പൂര്‍ ഗ്രാമത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പകരുന്നുമുണ്ട്. എട്ട് കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതായി കൈറാന ഹെല്‍ത്ത് സൂപ്രണ്ട് രമേശ് ചന്ദ്ര സ്ഥിരീകരിച്ചു. കലാപ ബാധിതരായ 4600ലധികം ആളുകള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സമിതി കണ്ടെത്തിയത്.

അതേസമയം, കലാപവുമായി ബന്ധപ്പെട്ട് 235 പേര്‍ക്കെതിരെ എസ്.ഐ.ടി പുതിയ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.  36 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

987 പേര്‍ കലാപത്തില്‍ പങ്കെടുത്തതായി എസ്.ഐ.ടി അറിയിച്ചിരുന്നു. ആറു കൂട്ടബലാല്‍സംഗക്കേസുകളില്‍ 27 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 22 പേര്‍ക്ക് ഈ പീഡനങ്ങളില്‍ പങ്കുണ്ടെന്നും കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

അക്രമങ്ങളുമായി ബന്ധപ്പെട്ട് 6,244 പേര്‍ക്കെതിരെ 566 കേസുകള്‍ രജിസ്റ്റര്‍ ചെയെ്തന്നും മനോജ് ഝാ അറിയിച്ചു. കഴിഞ്ഞ സപ്തംബറില്‍ മുസാഫര്‍നഗറിലുണ്ടായ കലാപത്തില്‍ 60ലേറെപ്പേര്‍ കൊല്ലപ്പെടുകയും 40,000ലധികം ആളുകള്‍ അഭയാര്‍ഥികളാവുകയും ചെയ്തിരുന്നു.