പാട്ന: പരമ്പരാഗത മുസ്‌ലിം വേഷം ധരിച്ചതിന് 32 കുട്ടികളെ അറസ്റ്റ് ചെയ്ത് ബീഹാറിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്. ബീഹാറിലെ മൈദ ബഭംഗാമ ഗ്രാമത്തിലാണ് സംഭവം. 32 മുസ്‌ലിം കുട്ടികളെയും ഒരു മുതിർന്ന രക്ഷിതാവിനെയും തിങ്കളാഴ്ച മൊകാമ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലെ ജാമിയ സക്കറിയ മദ്രസയിൽ ചേരാൻ പോവുകയായിരുന്നു കുട്ടികൾ.
ഏകദേശം 14 മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച കുട്ടികളെ പ്രദേശവാസികളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് വിട്ടയച്ചത്.
വിദ്യാർത്ഥികളുടെ വസ്ത്രധാരണം കാരണം മാത്രമാണ് അവരെ തടഞ്ഞതെന്ന് ദൃക്‌സാക്ഷികളും കുടുംബാംഗങ്ങളും പറഞ്ഞു. പരമ്പരാഗത കുർത്ത-പൈജാമയും തൊപ്പിയും ധരിച്ച കുട്ടികളെ, രാവിലെ എട്ട് മണിക്കായിരുന്നു സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറുകളോളം സ്റ്റേഷനിൽ നിന്ന കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം ബാലവേലയ്ക്കായി കടത്തുകയാണെന്ന സംശയത്തെ തുടർന്നാണ് ആർ.പി.എഫ് കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
എന്നാൽ വിദ്യാർത്ഥികളുടെ ഐ.ഡി കാർഡുകളും മദ്രസ പ്രവേശന സർട്ടിഫിക്കറ്റുകളും കാണിച്ചിട്ടും അധികാരികൾകേട്ടില്ലെന്നും കുട്ടികളെയും കൂടെയുണ്ടായിരുന്ന രക്ഷിതാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
‘കുട്ടികൾ കുടുംബത്തോടൊപ്പം ഈദ് ആഘോഷിച്ച ശേഷം സൂറത്തിലേക്ക് മടങ്ങുകയായിരുന്നു. എല്ലാ രേഖകളും കാണിച്ചിട്ടും, ആർ.പി.എഫ് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാവിനെയും ബലമായി കസ്റ്റഡിയിലെടുത്തു,’ ബഭംഗാമയിൽ നിന്നുള്ള പ്രദേശവാസിയായ കൈസർ റെഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, കുട്ടികൾ കസ്റ്റഡിയിൽ ഇരിക്കുന്നത് വ്യക്തമായി കാണാം. കുട്ടികളിൽ ഭയവും ആശയക്കുഴപ്പവും പ്രകടമാണ്. തടങ്കലിൽ വച്ച സമയത്ത് പുറത്തുനിന്നുള്ള ആരെയും കാണാൻ കുട്ടികളെ അനുവദിച്ചിരുന്നില്ല. ഭക്ഷണം പോലും നൽകിയില്ല എന്നാണ് കുട്ടികളും രക്ഷിതാവും പറയുന്നത്.
സ്ഥിതിഗതികൾ അറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ നാട്ടുകാരനായ അമീൻ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. ‘അവർ ഞങ്ങളോട് പോകാൻ പറഞ്ഞു, അല്ലെങ്കിൽ ഞങ്ങളെ പാട്നയിലേക്ക് കൊണ്ടുപോകുകയോ ജയിലിലടയ്ക്കുകയോ ചെയ്യുമെന്ന് പറഞ്ഞു . പക്ഷെ ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു, കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഞങ്ങളെയും അറസ്റ്റ് ചെയ്യൂ എന്ന ഞങ്ങൾ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.