36 മണിക്കൂറില്‍ പിഴ 30 ലക്ഷം രൂപ; മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി ബെംഗളൂരു സിറ്റി; മദ്യപിച്ചതിന് 17,000 രൂപ പിഴ
national news
36 മണിക്കൂറില്‍ പിഴ 30 ലക്ഷം രൂപ; മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി ബെംഗളൂരു സിറ്റി; മദ്യപിച്ചതിന് 17,000 രൂപ പിഴ
ന്യൂസ് ഡെസ്‌ക്
Friday, 6th September 2019, 12:05 am

ബെംഗളൂരു: രാജ്യത്ത് മോട്ടോര്‍ വാഹന നിയമം നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 30.11 ലക്ഷം രൂപ പിരിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്. 36 മണിക്കൂറിനുള്ളിലാണ് ഇത്രയും വലിയ തുക ട്രാഫിക് പൊലീസ് പിരിച്ചെടുത്തത്.

ഭേദഗതികളോടെ പുതിയ നിയമം നിലവില്‍ വന്നതുമുതല്‍ പൊലീസും കൃത്യമായി പണിതുടങ്ങുകയായിരുന്നു. ബുധനാഴ്ച മാത്രം 1,518 പേര്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനും 1,121 പിന്‍ സീറ്റിലിരിക്കുന്ന ഹെല്‍മെറ്റ് ധരിക്കാത്തവര്‍ എന്ന കണക്കിനും പിഴയടച്ചു. പുതിയ നിയമപ്രകാരം വാഹനം ഓടിക്കുന്നയാളും പിറകിലിരിക്കുന്നയാളും നിയമം തെറ്റിച്ചാല്‍ 1,000 രൂപ വീതം പിഴയടക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സീറ്റ് ബെല്‍റ്റ് ധരിക്കാത്ത നാലുചക്ര വാഹനമോടിക്കുന്നവരില്‍ നിന്നുമായി ശേഖരിച്ചത് 1.41 ലക്ഷം രൂപയാണ്. വണ്‍വേ നിയമം തെറ്റിച്ചവരില്‍ നിന്നും ഏകദേശം 98,000 രൂപ പിഴയായി ലഭിച്ചു.

പിഴ വര്‍ധിപ്പിക്കുന്നത് ആളുകള്‍ക്കിടയില്‍ അവബോധം വര്‍ധിക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും സഹായിക്കുമെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് (ട്രാഫിക്) ബി ആര്‍ രവികാന്ത ഗൗഡ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. ‘ഇത് റോഡിലിറങ്ങുമ്പോള്‍ ആളുകളെ കൂടുതല്‍ ശ്രദ്ധാലുവാക്കാന്‍ സഹായിക്കും, പ്രത്യേകിച്ചും നിരന്തരം ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക്.’- രവികാമന്ത ഗൗഡ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മദ്യപിച്ച് ഇരുചക്രവാഹനമോടിച്ചതിനും ഹെല്‍മെറ്റ് ധരിക്കാത്തതിനും ഒരാളുടെ പക്കല്‍ നിന്നും 17,000 രൂപ പിഴ ഈടാക്കി. ഹെല്‍മെറ്റ് ധരിക്കാത്തതിനാണ് ഇയാളെ ആദ്യം പിടിച്ചതെങ്കിലും തുടര്‍ന്നുള്ള പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്നും ലൈസന്‍സ് പക്കലില്ലെന്നും വ്യക്തമാവുകയായിരുന്നു.