ഹൈദരാബാദില്‍ സ്‌കൂളില്‍ വെച്ച് മൂന്നരവയസ്സുകാരി ലൈംഗികാക്രമണത്തിന് ഇരയായി; ക്രൂരത കാണിച്ചത് സ്‌കൂള്‍ ജീവനക്കാരായ രണ്ടുപേര്‍
sexual assault
ഹൈദരാബാദില്‍ സ്‌കൂളില്‍ വെച്ച് മൂന്നരവയസ്സുകാരി ലൈംഗികാക്രമണത്തിന് ഇരയായി; ക്രൂരത കാണിച്ചത് സ്‌കൂള്‍ ജീവനക്കാരായ രണ്ടുപേര്‍
ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 11:16 pm

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രീ-സ്‌കൂളില്‍ മൂന്നരവയസ്സുകാരി ലൈംഗികാക്രമണത്തിന് ഇരയായി. സ്‌കൂളില്‍ ഹെല്‍പ്പര്‍മാരായി ജോലി ചെയ്യുന്ന രണ്ടുപേരാണു കുട്ടിയോടു ക്രൂരത കാണിച്ചതെന്ന് പോലീസ് അറിയിച്ചു.

വടികളുപയോഗിച്ച് കുട്ടിയെ ആക്രമിച്ച അവര്‍ കുട്ടിയുടെ സ്വകാര്യഭാഗത്ത് കല്ല് കയറ്റിയതായും വൈദ്യപരിശോധനയില്‍ കഴിഞ്ഞു. ചികിത്സയ്ക്കുശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു.

കുട്ടിയുടെ ശരീരത്തില്‍ രക്തം കണ്ടതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ കാര്യമറിഞ്ഞതും ആശുപത്രിയിലെത്തിച്ചതും. ആദ്യം കൊണ്ടപുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് സമീപമുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

മധപുരില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാരാണു കുട്ടിയുടെ മാതാപിതാക്കള്‍.

പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായില്ല. പോക്‌സോ നിയമപ്രകാരം അവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

സംഭവം നടന്ന സ്ഥാപനം എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഈവര്‍ഷം മാത്രം സംസ്ഥാനത്ത് മുപ്പതിലധികം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.