തമിഴും തെലുങ്കും അടക്കം ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളെല്ലാം ബോക്‌സ് ഓഫീസില്‍ കിതക്കുമ്പോള്‍ ആരോഗ്യകരമായ ബിസിനസാണ് മോളിവുഡില്‍ നടന്ന് കൊണ്ടിരിക്കുന്നത്. 2026ല്‍ ഇതിനോടകം രണ്ട് 200 കോടി ചിത്രങ്ങളും ഒരു നൂറ് കോടി ചിത്രവും ഒരു അമ്പത് കോടി ചിത്രവുമാണ് മലയാളത്തില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. കോമഡി എന്റര്‍ടെയിനറായ വാഴ 2വും ക്രൈം ത്രില്ലറായ ദൃശ്യം 3യും 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് ആക്ഷന്‍ ചിത്രത്തിന് വലിയ മാര്‍ക്കറ്റുണ്ടെന്ന സൂചനയാണ് ഇത് നല്‍കിയിരിക്കുന്നത്.
ഈ സാഹചര്യം മുതലാക്കി മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ഓണം റിലീസായി മോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിം, പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, നിവിന്‍ പോളി നായകനാകുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി മലയാളത്തിലെ മൂന്ന് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ ക്ലാഷിനെത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ തീ പാറുമെന്നുറപ്പാണ്.
പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ആവശ്യത്തിന് ഹൈപ്പുയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചയിലില്ലാത്തത് നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണെന്ന് കാണാം. മറുവശത്ത് 2023ല്‍ പുറത്തിറങ്ങിയ കിങ് ഒാഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന രീതിയില്‍ ഐ ആം ഗെയിം ആരാധകര്‍ പ്രൊമോഷന്‍ ചെയ്യുന്നുണ്ട്. മറുവശത്ത് വൈശാഖിന്റെ സംവിധാനത്തിനൊപ്പം മോഹന്‍ലാല്‍ ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സ് നടത്തും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഖലീഫയും ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.
എന്നാല്‍ ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് നിവിന്‍ പോളി ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും പുറത്തുവിടാത്തതെന്ന സംശയം പ്രേക്ഷകര്‍ക്കുണ്ട്. അതേസമയം വലിയ ഒച്ചപ്പാടും ബഹളവുമില്ലാതെയെത്തുന്ന ചിത്രം ക്ലാഷില്‍ വിജയിയാകുമോ എന്നറിയാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പ്രേമലുവെന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് എ.ഡി നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയും പോസിറ്റീവ് കിട്ടിയാല്‍ ബോക്‌സ് ഓഫീസ് തൂക്കാനുള്ള നിവിന്‍ പോളിയുടെ കഴിവും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
നിലവില്‍ ദുല്‍ഖര്‍ ചിത്രം മാത്രമാണ് റിലീസ് ഡേറ്റ് ലോക്ക് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളത്തില്‍ വലിയ ഫാന്‍ ബേസുള്ള നടന്മാര്‍ ഒന്നിച്ചെത്തുമ്പോള്‍ എല്ലാ ചിത്രങ്ങളും നന്നാകണമെന്ന പ്രാര്‍ത്ഥനയിലാണ് സിനിമാ പ്രേക്ഷകര്‍.
Content Highlight: 3 Films to get clash release in Onam in Mollywood
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.