സ്‌നേഹവും സന്തോഷവും കൊണ്ട് കണ്ണും മനസും നിറക്കും ഈ വീട്
Entertainment
സ്‌നേഹവും സന്തോഷവും കൊണ്ട് കണ്ണും മനസും നിറക്കും ഈ വീട്
അമര്‍നാഥ് എം.
Saturday, 5th July 2025, 3:30 pm

സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. അത്തരത്തിലൊരു സ്വപ്‌നത്തിന് വേണ്ടി അധ്വാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ശ്രീ ഗണേഷ് സംവിധാനം ചെയ്ത 3 BHK പറയുന്നത്. അവരുടെ സ്വപ്‌നത്തോടൊപ്പം നമ്മളും സഞ്ചരിക്കും. അവരുടെ വിഷമങ്ങളില്‍ നമ്മുടെ കണ്ണും നിറയും. അവരുടെ സന്തോഷങ്ങളില്‍ നമ്മുടെ മനസ് നിറയും.

വാസുദേവന്‍ എന്ന സാധാരണക്കാരനായ അക്കൗണ്ടന്റ്, അയാളുടെ പങ്കാളി ശാന്തി മക്കളായ പ്രഭു, ആരതി ഇവരുടെ കഥയാണ് ഈ സിനിമ. സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്ന പ്രഭുവിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. അയാളുടെ പ്ലസ് ടു കാലം കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അയാളുടെ പ്രണയം, ജീവിതം, ആഗ്രഹങ്ങള്‍ എല്ലാം നമ്മുടേത് കൂടിയാണെന്ന് പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചെന്ന് തന്നെ പറയാനാകും.

മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ പലപ്പോഴും കാണാവുന്ന കാഴ്ചകള്‍ ഈ സിനിമയിലുമുണ്ട്. വീട് വാങ്ങാനായി പൈസ കൂട്ടിവെക്കുമ്പോഴും അത് മറ്റ് പല ആവശ്യങ്ങളിലേക്ക് വഴിമാറിപ്പോകുന്നുണ്ട്. അപ്പോഴെല്ലാം കാണുന്ന പ്രേക്ഷകര്‍ക്കും കഥാപാത്രങ്ങളുടെ ഇമോഷനൊപ്പം സഞ്ചരിക്കാനാകും. ഓരോ പ്രതിബന്ധങ്ങളിലും തളരാതെ മുന്നോട്ടുപോകുന്ന പ്രഭുവിനും അയാളുടെ കുടുംബത്തിനും സ്വപ്‌നം സാക്ഷാത്കരിക്കാനാകുമോ എന്നുള്ളത് സിനിമ കണ്ട് തന്നെ അറിയുക.

ചിത്രത്തിന്റെ പല ഭാഗങ്ങളും കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് തന്നെ പ്രെഡിക്ട് ചെയ്യാനാകും. അത് തിരക്കഥയുട കുഴപ്പമല്ല. പല കുടുംബത്തിലും പലപ്പോഴായി നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നാം സ്‌ക്രീനില്‍ കാണുന്നത്. ആ ഒരു കണക്ടിങ് ഫാക്ടര്‍ വര്‍ക്കായതില്‍ സംവിധായകന്‍ ശ്രീ ഗണേഷ് പ്രത്യേക കൈയടി അര്‍ഹിക്കുന്നു.

അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വരുമ്പോള്‍ എല്ലാവരും മത്സരിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ടെന്ന് തന്നെ പറയാനാകും. ശരത് കുമാര്‍ വാസുദേവന്‍ എന്ന കഥാപാത്രമായി ആദ്യാവസാനം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഒരുകാലത്ത് തമിഴിലെ ആക്ഷന്‍ സ്റ്റാറായി നിറഞ്ഞുിന്ന ശരത് കുമാറില്‍ നിന്ന് ഇതുപോലെ ലൈറ്റ് ഹാര്‍ട്ടഡായിട്ടുള്ള കഥാപാത്രം വന്നിട്ടില്ലെന്ന് തന്നെ പറയാം. പോര്‍ തൊഴിലിന് ശേഷം ശരത് കുമാറിന്റെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചു.

സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച പ്രഭു അയാളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്തയിലെ ഈശ്വരന് ശേഷം സിദ്ധാര്‍ത്ഥിലെ നടനെ മാക്‌സിമം ഉപയോഗിച്ച സിനിമയാണ് 3 BHK. ഇമോഷണല്‍ സീനിലെല്ലാം അയാളുടെ പ്രകടനം അതിഗംഭീരമെന്നേ പറയാനാകൂ. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ഗെറ്റപ്പിലേക്ക് അനായാസം മാറാനും പക്വത വന്ന യുവാവായും അയാള്‍ പകര്‍ന്നാടുകയായിരുന്നു.

മീത രഘുനാഥ് അവതരിപ്പിച്ച ആരതിയും പ്രേക്ഷകരുടെ മനസില്‍ പ്രത്യേക ഇഷ്ടം സ്വന്തമാക്കി. പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ അപാര പെര്‍ഫോമന്‍സായിരുന്നു മീത കാഴ്ചവെച്ചത്. കരിയര്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം ചെയ്യുന്ന മീതയെ തേടി ഇനിയും മികച്ച വേഷങ്ങള്‍ വരുമെന്ന് ഉറപ്പാണ്.

ശാന്തിയായി വേഷമിട്ട ദേവയാനിയും മികച്ചു നിന്നു. സപ്ത സാദരദാച്ചെ എലോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ചൈത്രയും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വളരൈ കുറച്ച് സ്‌ക്രീന്‍ ടൈമാണെങ്കിലും തന്റെ മാക്‌സിമം ആ കഥാപാത്രത്തിന് നല്‍കാന്‍ ചൈത്രക്ക് സാധിച്ചിട്ടുണ്ട്. തമിഴിലെ തന്റെ അരങ്ങേറ്റം താരം മോശമാക്കിയില്ല. യോഗി ബാബുവിന്റെ രംഗങ്ങള്‍ തിയേറ്ററില്‍ ചിരി പടര്‍ത്തി. മറ്റ് താരങ്ങളും അവരവരുടെ വേഷത്തോട് നീതി പുലര്‍ത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ സിനിമയിലേക്കെത്തിയ അമൃത് രാംനാഥ് 3 BHKയിലൂടെ തമിഴിലും അരങ്ങേറിയിരിക്കുകയാണ്. സിനിമയുടെ ആത്മാവ് അമൃതിന്റെ സംഗീതമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഓരോ സീനിന്റെയും മൂഡിനനുസരിച്ച് സംഗീതം നല്‍കി സിനിമയുടെ ഗ്രാഫ് താഴാതെ അമൃത് സിനിമയെ താങ്ങിനിര്‍ത്തിയിട്ടുണ്ട്. ടെയ്ല്‍ എന്‍ഡില്‍ വരുന്ന പാട്ട് നല്ലൊരു ഫീല്‍ സമ്മാനിച്ചു.

കേരള ക്രൈം ഫയല്‍സിലെ ഫ്രെയിമുകള്‍ കൊണ്ട് ഞെട്ടിച്ച ജിതിന്‍ സ്റ്റെന്‍സിലാവോസ് ഈ സിനിമയിലും ഞെട്ടിച്ചു. തുടക്കത്തിലെ സിംഗിള്‍ ഷോട്ട് സീന്‍ തന്നെ അതിന് ഉദാഹരണമാണ്. നാല് കാലഘട്ടത്തിലെ കൃത്യമായി അളന്നുമുറിച്ച ഗണേഷ് ശിവയുടെ കട്ടുകളും സിനിമയെ മികച്ചതാക്കിയിട്ടുണ്ട്. ഒപ്പം ഓരോ വീടിനെയും കൃത്യമായി അടയാളപ്പെടുത്തിയ വിനോദ് രാജ്കുമാറിന്റെ പ്രൊഡക്ഷന്‍ ഡിസൈനും ചിത്രത്തെ കൂടുതല്‍ ഹൃദ്യമാക്കി.

ഒരുപാട് സന്തോഷവും ചിരിയും അതിനോടൊപ്പം ഒരിത്തിരി വിഷമവുമൊക്കെയായി പോകുന്ന ഈ കുടുംബത്തിന്റെ കഥ പലര്‍ക്കും റിലേറ്റ് ചെയ്യാനാകും. ഈ വര്‍ഷം കണ്ണും മനസും നിറച്ച സിനിമകളുടെ പട്ടികയിലേക്ക് ഒരു സിനിമ കൂടിയെന്ന് 3 BHK കണ്ടുകഴിയുമ്പോള്‍ പറയാന്‍ സാധിക്കും.

Content Highlight: 3 BHK movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം