2 ജി സ്‌പെക്ട്രം കേസില്‍ മുരളി മനോഹര്‍ ജോഷി ഇടപെട്ടെന്ന് സി.എ.ജി മുന്‍ ഡയറക്ടര്‍
India
2 ജി സ്‌പെക്ട്രം കേസില്‍ മുരളി മനോഹര്‍ ജോഷി ഇടപെട്ടെന്ന് സി.എ.ജി മുന്‍ ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th November 2012, 12:45 am

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ബി.ജെ.പി നേതാവും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷി ഇടപെട്ടെന്ന് സി.എ.ജി. കേസില്‍ സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലാണ് മുരളി മനോഹര്‍ ജോഷി ഇടപെട്ടതെന്നാണ് സി.എ.ജി വെളിപ്പെടുത്തുന്നത്.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായി സി.എ.ജിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മനോഹര്‍ ജോഷിയുടെ വസതിയിലെത്തി ചര്‍ച്ച ചെയ്തതായി സി.എ.ജി ടെലികമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്ന ആര്‍.പി സിങ് ആരോപിച്ചു.[]

” 2 ജി സ്‌പെക്ട്രം സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഞാന്‍ തയ്യാറാക്കിയതല്ല. ഞാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നഷ്ടം 37,000 കോടി രൂപയാണ്. 1.76 ലക്ഷം കോടിയുടെ നഷ്ടം കാണിക്കുന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഞാന്‍ കണക്കാക്കിയതില്‍ ഭൂരിഭാഗവും വീണ്ടെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.”ആര്‍.പി സിങ് പറഞ്ഞു.

താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 2010 മെയ് 31 ന് സമര്‍പ്പിച്ചെങ്കിലും അത് അംഗീകരിക്കാന്‍ മേലാധികാരികള്‍ തയ്യാറായില്ലെന്നും അന്തിമ റിപ്പോര്‍ട്ട് താന്‍ തയ്യാറാക്കിയതല്ലെന്നും തന്നെ നിര്‍ബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഒപ്പിടുവിക്കുകയായിരുന്നെന്നും ആര്‍.പി സിങ് പറയുന്നു.

സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആര്‍.പി സിങ്ങിന്റെ ആരോപണം ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയം പാര്‍ലമെന്റ്ില്‍ ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി പറഞ്ഞു.

2011 സെപ്റ്റംബറിലാണ് ആര്‍.പി സിങ് വിരമിച്ചത്. 2010 മെയില്‍ തയ്യാറാക്കിയ കരട് 2,645 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചപ്പോള്‍ നഷ്ടം 1.76 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം ജോഷിക്കും സി.എ.ജിക്കുമാണെന്നും തിവാരി പറഞ്ഞു.

ആര്‍.പി സിങ്ങിന്റെ വെളിപ്പെടുത്തലിലൂടെ ബി.ജെ.പിയുടെ കള്ളക്കളികള്‍ വെളിച്ചത്തായി എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

എന്നാല്‍ ആര്‍.പി സിങ്ങിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുരളി മനോഹര്‍ ജോഷ്ി പറഞ്ഞു. ആര്‍.പി സിങ് കമ്മിറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നില്ല. സി.എ.ജിയെയും പി.എ.സിയേയും അപകീര്‍ത്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.

സര്‍ക്കാറിന് വേണ്ടിയാണ് ആര്‍.പി സിങ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നും തങ്ങളുടെ പിഴവുകള്‍ മറച്ചുവെക്കുന്നതിനായി സര്‍ക്കാര്‍ സി.എ.ജിക്ക് നേരെ തിരിഞ്ഞിരിക്കുകയാണെന്നും ജോഷി പറഞ്ഞു.

അടിസ്ഥാനരഹിത ആരോപണങ്ങളാണ് ആര്‍.പി സിങ് ഉന്നയിക്കുന്നതെന്ന് ബി.ജെ.പി സെക്രട്ടറിയും എം.പിയുമായ ബല്‍ബീര്‍ പുഞ്ച്് പറഞ്ഞു. സ്‌പെക്ട്രം ലേലത്തില്‍ അഴിമതിയില്ലെങ്കില്‍ കോടതി ഇത് റദ്ദാക്കിയതും എ.രാജ ജയിലിലായതും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി പുതിയ വിവാദത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സി.എ.ജി വ്യക്തമാക്കി. വെളിപ്പെടുത്തലിനെ കുറിച്ച് സി.എ.ജിയും ബി.ജെ.പിയും സര്‍ക്കാരും പ്രതികരിക്കണമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.