ഹരിയാനയില്‍ 25 ലക്ഷം വ്യാജവോട്ടുകള്‍, ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 ഐ.ഡികള്‍; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി
Vote Chori
ഹരിയാനയില്‍ 25 ലക്ഷം വ്യാജവോട്ടുകള്‍, ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 ഐ.ഡികള്‍; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 1:06 pm

ന്യൂദല്‍ഹി: വോട്ട് ചോരിയില്‍ കൂടുതൽ തെളിവുകളുമായി കോണ്‍ഗ്രസ് എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.

വോട്ട് ക്രമക്കേട് ഒരു മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ലെന്നും സംസ്ഥാന-ദേശീയ തലത്തില്‍ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ഹരിയാനയില്‍ നിന്ന് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നതെന്നും അഞ്ച് രീതികളിലാണ് സംസ്ഥാനത്ത് വോട്ട് മോഷണം നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുള്ളതായി രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. സംസ്ഥാനത്തെ ഏകദേശം 25 ലക്ഷം വോട്ടര്‍മാര്‍ വ്യാജമാണ്. ഒരു സ്ത്രീ പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. ഒരു ബ്രസീലിയന്‍ മോഡലിനെ സീമ, സ്വീറ്റി, സരസ്വതി തുടങ്ങി വിവിധ പേരുകളിലായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും രാഹുല്‍ പറയുന്നു.

ഒരേ ചിത്രമുള്ള ഐ.ഡി ഉപയോഗിച്ച് ഒരു മണ്ഡലത്തില്‍ 100 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോയുള്ള 1,24,177 വോട്ടര്‍മാരെയാണ് കണ്ടെത്തിയത്. രണ്ട് ബൂത്തുകളിലായി ഒരു വോട്ടര്‍ 223 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ ഹരിയാനയില്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഹരിയാനയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇന്ത്യാ സഖ്യത്തിനാണ് എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാം അട്ടിമറിക്കപ്പെട്ടു. പോളിങ് ബൂത്തുകളില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബി.ജെ.പി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു. കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്റെ വീഡിയോ ഉള്‍പ്പെടെ രാഹുല്‍ പുറത്തുവിട്ടു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജമ്മു കശ്മീരില്‍ നിന്നാണെങ്കിലും ആളെ കൊണ്ടുവന്ന് വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കുമെന്ന ഗോപാലകൃഷ്ണന്റെ പ്രതികരണമാണ് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടിയത്.

ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഒരേ സമയം വോട്ടുള്ളവരുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണിന് രണ്ട് വോട്ടുള്ളതിന്റെ തെളിവ് പുറത്തുവിട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നില്ലേ? അതോ കണ്ടില്ലെന്ന് നടിക്കുകയാണോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ട ഒന്നിലധികം വോട്ടര്‍മാരുടെ വീഡിയോകളും രാഹുല്‍ പുറത്തുവിട്ടു. വോട്ട് നഷ്ടപ്പെട്ട കുടുംബത്തെ പത്രസമ്മേളനത്തില്‍ നേരിട്ട് എത്തിക്കുകയും ചെയ്തു.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ വോട്ട് മോഷണം നടക്കാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

Content Highlight: 25 lakh fake votes in Haryana, 22 IDs with picture of Brazilian model; Rahul Gandhi presents evidence