2030 ലോകകപ്പ്: ആറ് ടീമുകള്‍ക്ക് ഇതിനോടകം യോഗ്യത; ബ്രസീലില്ല, ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും അര്‍ജന്റീനയും
Sports News
2030 ലോകകപ്പ്: ആറ് ടീമുകള്‍ക്ക് ഇതിനോടകം യോഗ്യത; ബ്രസീലില്ല, ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും അര്‍ജന്റീനയും
ആദർശ് എം.കെ.
Wednesday, 22nd July 2026, 10:25 pm

 

2026 ലോകകപ്പിന്റെ ആവേശങ്ങള്‍ക്കും ആരവങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയെത്തിയ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം കിരീടം സ്വന്തമാക്കി.

നിരവധി ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ് എന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിരുന്നു. മെസിയും റൊണാള്‍ഡോയും നെയ്മറുമടക്കം അടുത്ത ലോകകപ്പില്‍ പന്ത് തട്ടാന്‍ ഉണ്ടായേക്കില്ല.

ഇതിഹാസ താരങ്ങളുടെ ലാസ്റ്റ് ഡാന്‍സ് എന്ന നിലയിലാണ് ഈ ലോകകപ്പ് ആരാധകരെ സംബന്ധിച്ച് മറക്കാനാകാത്ത ഒന്നായി മാറുന്നതെങ്കില്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികം എന്ന നിലയിലായിരിക്കും നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2030ല്‍ നടക്കുന്ന ലോകകപ്പ് ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടുക.

ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്തിയേക്കുമെന്ന ഫിഫ പ്രസിഡന്റിന്റെ വാക്കുകളോടെ 2030 ലോകകപ്പ് ഇതിനോടകം ചര്‍ച്ചകളുടെ ഭാഗമായിട്ടുണ്ട്. പുതുതായി ഏതെല്ലാം ടീമുകളെത്തുമെന്ന് ഇപ്പോള്‍ ഒരിക്കലും പ്രവചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുമാണ്.

എന്നാല്‍ ആറ് ടീമുകള്‍ ഇതിനോടകം തന്നെ 2030 ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടുണ്ട്. ആതിഥേയരെന്ന ടാഗിലാണ് ഈ ആറ് പേരും ലോകകപ്പിനെത്തുന്നത്. ഇതാദ്യമായാണ് ആറ് ടീമുകള്‍ ഇത്തരത്തില്‍ ലോകകപ്പിന് യോഗ്യത നേടുന്നത്.

പുതിയ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവരാണ് 2030 ലോകകപ്പിന്റെ പ്രധാന ആതിഥേയര്‍. ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങള്‍ക്കും (നിലവിലെ കണക്കനുസരിച്ച് 101 മത്സരങ്ങള്‍) വേദിയാകുന്നത് യൂറോപ്പിലെയും ആഫ്രിക്കയിലെയും ഈ മൂന്ന് രാജ്യങ്ങളാണ്. ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകര്‍ എന്ന നിലയിലാണ് ഇവര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചത്.

ഇതിന് പുറമെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറുഗ്വായ്, പരഗ്വായ് എന്നിവരും ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ആതിഥേയ രാജ്യങ്ങളാണ്.

1930ല്‍ ഉറുഗ്വേയില്‍ തുടക്കമിട്ട ഫുട്‌ബോള്‍ ലോകകപ്പിന്റെ 100ാം വാര്‍ഷികം പ്രമാണിച്ചാണ് തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ നടത്താന്‍ ഫിഫ തീരുമാനിച്ചത്.

ആദ്യ ലോകകപ്പിന്റെ ആതിഥേയരും ചാമ്പ്യന്മാരുമെന്ന നിലയില്‍ കന്നി പോരാട്ടം നടന്ന മോണ്ടെവീഡിയോയിലെ എസ്റ്റാഡിയോ സെന്റെനാരിയോ സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാകും.

1930ലെ ആദ്യ ലോകകപ്പിലെ റണ്ണറപ്പ് ടീം എന്ന നിലയിലാണ് അര്‍ജന്റീനയ്ക്ക് ഒരു മത്സരത്തിന്റെ ആതിഥേയത്വം നല്‍കിയത്. എസ്റ്റാഡിയോ മോണുമെന്റലാണ് വേദി.

തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (CONMEBOL) ആസ്ഥാനമായതിനാലാണ് പാരാഗ്വേയ്ക്ക് ആഘോഷ മത്സരങ്ങളിലൊന്നിന് വേദിയാകാന്‍ അവസരം ലഭിച്ചത്.

ഈ ആറ് ടീമുകള്‍ അടുത്ത ലോകകപ്പിന് നേരിട്ട് യോഗ്യത നേടുമ്പോള്‍ ബ്രസീലും ജര്‍മനിയും ജപ്പാനുമടക്കമുള്ള വന്‍കരയുടെ വമ്പന്‍മാര്‍ യോഗ്യതാ മത്സരം കളിച്ചുതന്നെ വേണം ലോകകപ്പിനെത്താന്‍.

നിലവിലെ കണക്കുകളനുസരിച്ച് ജൂണ്‍ എട്ടിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ജൂലൈ 21നാണ് ഫൈനല്‍.

 

 

Content highlight: 2030 FIFA World Cup: Six teams have already qualified.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.