ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നടന്‍ വിജയ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 2025 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ് സംസ്ഥാനത്തുടനീളമായി പര്യടനം നടത്തും. ബി.ജെ.പിയും ഡി.എം.കെയുമായി സഖ്യത്തിനില്ലെന്നും ടി.വി.കെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബി.ജെ.പിക്ക് മുന്നില്‍ മുട്ടുകുത്താന്‍ ടി.വി.കെ ഡി.എം.കെയോ എ.ഐ.എ.ഡി.എം.കെയോ അല്ലെന്ന് വിജയ് പറഞ്ഞു. ടി.വി.കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ബി.ജെ.പിയെ പോലുള്ള ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് വിജയ് വ്യക്തമാക്കി.
2024 ഫെബ്രുവരിയിലാണ് വിജയ് ടി.വി.കെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപന സമ്മേളനത്തില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
2024 ഒക്ടോബര്‍ 27ന് വില്ലുപുരത്ത് നടന്ന പാര്‍ട്ടിയുടെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. സമ്മേളനത്തില്‍ ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയുമാണെന്നും വിജയ് പറഞ്ഞിരുന്നു.
ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ല. പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും. തറയും ചുമരും ഒരുപോലെ ശക്തമായാല്‍ മാത്രമേ വീടിന് ഉറപ്പുണ്ടാവുകയുള്ളുവെന്നും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു.
2025 ഫെബ്രുവരിയില്‍ മഹാബലിപുരത്ത് വെച്ച് നടന്ന ടി.വി.കെയുടെ പാര്‍ട്ടി സമ്മേളനത്തില്‍ മുന്‍ രാഷ്ട്രീയ തന്ത്രജ്ഞനുംജന്‍ സൂരജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോറും പങ്കെടുത്തിരുന്നു.
ജന്‍ സൂരജ് പാര്‍ട്ടിയും ടി.വി.കെയും സഖ്യം ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിട നല്‍കിക്കൊണ്ടായിരുന്നു സമ്മേളനത്തിലെ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം. എന്നാല്‍ ജന്‍ സൂരജ് പാര്‍ട്ടിയുമായുള്ള സഖ്യം ചേരലില്‍ ടി.വി.കെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight: 2026 Tamil Nadu Assembly Elections; TVK announces Vijay as CM candidate