2026 ടി-20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ശ്രീലങ്ക. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് ലോകകപ്പിന്റെ സഹ ആതിഥേയര്‍ സ്വന്തമാക്കിയത്.

കുശാല്‍ മെന്‍ഡിസിന്റെയും കാമിന്ദു മെന്‍ഡിസിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡ് 143ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക കുശാല്‍ മെന്‍ഡിസിന്റെയും കാമിന്ദു മെന്‍ഡിസിന്റെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ലങ്ക മോശമല്ലാത്ത സ്‌കോറിലെത്തിയത്.

43 പന്ത് നേരിട്ട് പുറത്താകാതെ 56 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് നേടിയത്. അഞ്ച് ഫോറടക്കം 130.23 എന്ന സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

രണ്ട് സിക്സറും സിക്സറിന്റെ ഇരട്ടി ഫോറും അടങ്ങുന്നതായിരുന്നു കാമിന്ദു മെന്‍ഡിസിന്റെ പ്രകടനം. 19 പന്ത് നേരിട്ട താരം 44 റണ്‍സ് നേടി. 231.58 എന്ന സ്ട്രൈക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

23 പന്തില്‍ 24 റണ്‍സ് നേടിയ പാതും നിസങ്കയാണ് ലങ്കയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റൊരു ബാറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 163ലെത്തി. മത്സരത്തിലുടനീളമുള്ള ക്യാച്ച് ഡ്രോപ്പുകളും അയര്‍ലന്‍ഡിന് തിരിച്ചടിയായി.

അയര്‍ലന്‍ഡിനായി ജോര്‍ജ് ഡോക്രെല്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഗാരത് ഡിലാനി, മാര്‍ക് അഡയര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ്ങിനെ തുടക്കത്തിലേ നഷ്ടപ്പെട്ടു. 13 പന്തില്‍ വെറും ആറ് റണ്‍സാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്.

രണ്ടാം വിക്കറ്റില്‍ റോസ് അഡയറും ഹാരി ടെക്ടറും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ അഡയറിനെ മടക്കി വാനിന്ദു ഹസരങ്ക ലങ്കയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 23 പന്തില്‍ 34 റണ്‍സ് നേടിയാണ് അഡയര്‍ മടക്കിയത്.

പിന്നാലെയെത്തിയ ലോര്‍കന്‍ ടക്കറിനൊപ്പവും ടെക്ടര്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ലങ്ക അപ്പര്‍ഹാന്‍ഡ് നേടി. ടെക്ടര്‍ 34 പന്തില്‍ 40 റണ്‍സും ടക്കര്‍ 18 പന്തില്‍ 21 റണ്‍സും നേടിയാണ് പുറത്തായത്.

17ാം ഓവറില്‍ ഇരട്ടവിക്കറ്റുമായി മഹീഷ് തീക്ഷണയും കളം നിറഞ്ഞതോടെ മത്സരം ലങ്കയുടെ വരുതിയിലാക്കി. അവസാന ഓവറില്‍ ഇരട്ട വിക്കറ്റുമായി മതീശ പതിരാനയും തിളങ്ങിയതോടെ 19.5 ഓവറില്‍ 143ന് ഐറിഷ് പതനം പൂര്‍ത്തിയായി.

ലങ്കയ്ക്കായി മഹീഷ് തീക്ഷണയും വാനിന്ദു ഹസരങ്കയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. മതീശ പതിരാന രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദുനിത് വെല്ലാലാഗെയും ദുഷ്മന്ത ചമീരയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

 

Content Highlight: 2026 T20 World Cup: Sri Lanka defeated Ireland