കളിച്ചത് 14, ജയിച്ചത് വെറും രണ്ട്; കാലങ്ങളായി കണ്ട സ്വപ്‌നത്തിലേക്ക് ഒരിക്കല്‍ക്കൂടി
T20 world cup
കളിച്ചത് 14, ജയിച്ചത് വെറും രണ്ട്; കാലങ്ങളായി കണ്ട സ്വപ്‌നത്തിലേക്ക് ഒരിക്കല്‍ക്കൂടി
ആദര്‍ശ് എം.കെ.
Wednesday, 4th March 2026, 2:05 pm

 

2026 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക സെമി ഫൈനല്‍ മത്സരത്തിനൊരുങ്ങുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ടി-20 ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകള്‍ ആദ്യ കിരീടമെന്ന മോഹത്തിലേക്കാണ് നടന്നടുക്കുന്നത്.

സെമി ഫൈനല്‍ വരെ ഒറ്റ മത്സരം പോലും പരാജയപ്പെതാടെയാണ് സൗത്ത് ആഫ്രിക്ക വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെ 57 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിക്കൊണ്ടാണ് സൗത്ത് ആഫ്രിക്ക വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ ഓവറില്‍ വിജയിച്ച പ്രോട്ടിയാസ് ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെയും യു.എ.ഇക്കെതിരെ ആറ് വിക്കറ്റിന്റെയും വിജയം നേടി.

സൗത്ത് ആഫ്രിക്ക

സൂപ്പര്‍ 8ല്‍ ഇന്ത്യയെ ഞെട്ടിച്ച് 76 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റിനും സിംബാബ്‌വേക്കെതിരെ അഞ്ച് വിക്കറ്റിനും വിജയിച്ചാണ് ടീം അപരാജിത കുതിപ്പ് തുടരുന്നത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇത് 15ാം സെമി ഫൈനലിനാണ് സൗത്ത് ആഫ്രിക്ക കളത്തിലിറങ്ങുന്നത്. ഏകദിന ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ടി-20 ലോകകപ്പിലുമായി ഇതിന് മുമ്പ് 14 തവണ സെമി കളിച്ചപ്പോള്‍ ആകെ വിജയിക്കാന്‍ സാധിച്ചത് രണ്ട് തവണ മാത്രം.

1992 ലോകകപ്പിലാണ് സൗത്ത് ആഫ്രിക്ക ആദ്യമായി ഒരു ബിഗ് ഇവന്റിന്റെ സെമി ഫൈനല്‍ മത്സരം കളിക്കുന്നത്. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. മോശം കാലാവസ്ഥയില്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 19 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി. ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ് നിയമത്തിന് വഴിയൊരുങ്ങിയതും ഈ മത്സരത്തിലൂടെയായിരുന്നു.

1998 ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയം നേടിയ സൗത്ത് ആഫ്രിക്ക, പ്രഥമ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ജേതാക്കളായും അവരോധിക്കപ്പെട്ടു.

ചാമ്പ്യന്‍സ് ട്രോഫിയുമാി സൗത്ത് ആഫ്രിക്ക

1999 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ കങ്കാരുപ്പടയായിരുന്നു എതിരാളികള്‍. വിജയികളോ പരാജിതരോ ഇല്ലാതെ ടൈയില്‍ മത്സരം അവസാനിക്കുകയും, എന്നാല്‍ പോയിന്റ് പട്ടികയിലെ സുപ്രിമസി കാരണം ഓസീസ് ഫൈനലിന് യോഗ്യത നേടുകയുമായിരുന്നു.

ശേഷം ഒമ്പത് സെമി ഫൈനലുകളില്‍ കൂടി സൗത്ത് ആഫ്രിക്ക പരാജയമറിഞ്ഞു. ഈ പരാജയത്തിന്റെ സ്ട്രീക് അവസാനിച്ചത് 2024 ടി-20 ലോകകപ്പിലാണ്. സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റു.

2025 ചാമ്പ്യന്‍സ് ട്രോഫി സെമിയിലും പ്രോട്ടിയാസിന് കാലിടറി. ന്യൂസിലാന്‍ഡിനോട് പരാജയം. ഇപ്പോള്‍ അതേ ന്യൂസിലാന്‍ഡിനെതിരെ മറ്റൊരു സെമി ഫൈനലിനൊരുങ്ങുകയാണ് സൗത്ത് ആഫ്രിക്ക. ഈ ലോകകപ്പിലെ ടീമിന്റെ അപരാജിത കുതിപ്പ് സെമി ഫൈനലിലും തുടരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സെമി ഫൈനലുകള്‍ സൗത്ത് ആഫ്രിക്ക

1992 ഏകദിന ലോകകപ്പ് – ഇംഗ്ലണ്ടിനോട് തോല്‍വി.

1998 ചാമ്പ്യന്‍സ് ട്രോഫി – ശ്രീലങ്കയ്‌ക്കെതിരെ വിജയം

1999 ഏകദിന ലോകകപ്പ് – ഓസ്‌ട്രേലിയക്കെതിരെ ടൈ

2000 ചാമ്പ്യന്‍സ് ട്രോഫി – ഇന്ത്യയോട് തോല്‍വി

2002 ചാമ്പ്യന്‍സ് ട്രോഫി – ഇന്ത്യയോട് തോല്‍വി

2006 ചാമ്പ്യന്‍സ് ട്രോഫി – വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍വി

2007 ഏകദിന ലോകകപ്പ് – ഓസ്‌ട്രേലിയയോട് തോല്‍വി

2009 ടി-20 ലോകകപ്പ് – പാകിസ്ഥാനോട് തോല്‍വി

2013 ചാമ്പ്യന്‍സ് ട്രോഫി – ഇംഗ്ലണ്ടിനോട് തോല്‍വി

2014 ടി-20 ലോകകപ്പ് – ഇന്ത്യയോട് തോല്‍വി

2015 ഏകദിന ലോകകപ്പ് – ന്യൂസിലാന്‍ഡിനോട് തോല്‍വി

2023 ഏകദിന ലോകകപ്പ് – ഓസ്‌ട്രേലിയയ്‌ക്കെതിരെ തോല്‍വി

2024 ടി-20 ലോകകപ്പ് – അഫ്ഗാനിസ്ഥാനെതിരെ വിജയം

2025 ചാമ്പ്യന്‍സ് ട്രോഫി – ന്യൂസിലാന്‍ഡിനെതിരെ തോല്‍വി

 

Content Highlight: 2026 T20 World Cup:  South Africa’s record in ICC tournament semifinals

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.