ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ അയര്‍ലന്‍ഡ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍. ലോകകപ്പില്‍ ഇവര്‍ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്നും അതിനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
‘അയര്‍ലന്‍ഡിന് കഴിവുറ്റ നിരയുണ്ട്. ഈ ലോകകപ്പില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീം അയര്‍ലന്‍ഡാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ ബാറ്റിങ് തന്നെയായിരിക്കും.
പ്രധാന ബാറ്ററായ ഹാരി ടെക്ടറിന് പുറമെ പോള്‍ സ്‌റ്റെര്‍ലിങ്, ലോര്‍കന്‍ ടക്കര്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരാണ് ബാറ്റിങ് യൂണിറ്റിലുള്ളത്, ജോര്‍ജ് ഡോക്രെലാണ് ഫിനിഷര്‍.
ഹാരി ടെക്ടര്‍ ഒരു ക്ലാസി പ്ലെയറാണ്. ടിം ടെക്ടറും ടീമിനൊപ്പമുണ്ട്. മാര്‍ക് അഡയര്‍ ഒരുപോലെ ബാറ്റിങ്ങും ബൗളിങ്ങും ചെയ്യും. ബാരി മെക്കാര്‍ത്തിയെയും എതിരാളികള്‍ സൂക്ഷിക്കേണ്ടതുണ്ട്,’ ആഷ് കി ബാത്തില്‍ അശ്വിന്‍ പറഞ്ഞു.
ആര്‍. അശ്വിന്‍
ടി-20 ലോകകപ്പില്‍ അയര്‍ലന്‍ഡ് നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചും അശ്വിന്‍ പറഞ്ഞു.
‘എന്നാല്‍ എന്താണ് അവര്‍ നേരിടുന്ന പ്രശ്‌നം? അവരുടെ പ്രധാന പ്രശ്‌നം ജോര്‍ജ് ഡോക്രെലാണ്. അവന്‍ നേരത്തെ ഒരു ഇടംകയ്യന്‍ ബൗളറായും ടീമിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അവന്‍ വല്ലപ്പോഴും മാത്രമാണ് ബാറ്റ് ചെയ്യാറുള്ളത്. പലപ്പോഴും അവന്‍ ഫിനിഷറായി കളത്തിലിറങ്ങുകയാണ് പതിവ്, ഇത് തീര്‍ച്ചയായും നല്ലതുതന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ക്ക് (അയര്‍ലന്‍ഡ്) ബൗളിങ് ഓപ്ഷന്‍ കുറഞ്ഞിരിക്കുകയാണ്.
ജോര്‍ജ് ഡോക്രെല്‍
അവര്‍ തുടര്‍ച്ചയായി 200 റണ്‍സ് നേടുന്ന ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 160ഓ 170ഓ എടുക്കുന്ന ടീമാണ് അവര്‍, ഐ.സി.സി ലോകകപ്പില്‍ ഇത്തരത്തിലുള്ള പ്രകടനമാണ് പ്രതീക്ഷിക്കേണ്ടതും.
എന്നാല്‍ മികച്ച ബാറ്റിങ് യൂണിറ്റിനെതിരെ അവരുടെ ബൗളിങ് യൂണിറ്റിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്നതാണ് എന്റെ പ്രധാന സംശയം,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.