2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഫെബ്രുവരി 15ന് ഇന്ത്യയ്‌ക്കെതിരെ കളിത്തിലിറങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നലെ നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് എതിരാളികള്‍. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ മത്സരത്തില്‍ വിജയിച്ചാണ് പാകിസ്ഥാന്‍ യു.എസ്.എയ്‌ക്കെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങിയാണ് യു.എസ്.എ കളത്തിലിറങ്ങുന്നത്.

 

യു.എസ്.എയ്‌ക്കെതിരായ മത്സരത്തനിറങ്ങുമ്പോള്‍ 2024 ലോകകപ്പാകും പാകിസ്ഥാന്റെ മനസിലുണ്ടാവുക. അന്ന് യു.എസ്.എയോട് പരാജയപ്പെട്ടതോടെയാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകേണ്ട സാഹചര്യമുണ്ടായത്.

ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിന് ശേഷമാണ് വിജയിയെ നിശ്ചയിച്ചത്.

യു.എസ്.എ ക്രിക്കറ്റ് ടീം. Photo: ICC

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. 43 പന്തില്‍ 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു ടോപ്പ് സ്‌കോറര്‍. 25 പന്തില്‍ 40 റണ്‍സ് നേടിയ ഷദാബ് ഖാനും 16 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ ഷഹീന്‍ അഫ്രിദിയുമാണ് പാകിസ്ഥാന്റെ മറ്റ് റണ്‍ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ (38 പന്തില്‍ 50), ആരോണ്‍ ജോണ്‍സ് (26 പന്തില്‍ 36*), ആന്‍ഡ്രീസ് ഗസ് (26 പന്തില്‍ 36) എന്നിവരുടെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് തന്നെ അടിച്ചെടുത്തു. അവസാന ഓവറില്‍ വിജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ യു.എസ്.എയ്ക്ക് 14 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്.

തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് വഴി മാറിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ ഒരു വിക്കറ്റ് നഷ്ടത്തല്‍ 18 റണ്‍സ് നേടി. മുഹമ്മദ് ആമിര്‍ വൈഡിലൂടെ നല്‍കിയ റണ്‍സും യു.എസ്.എയ്ക്ക് തുണയായി.

19 റണ്‍സെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്ഥാനെ ഇന്ത്യന്‍ വംശജനും മുന്‍ ഇന്ത്യ U19 താരവുമായ സൗരഭ് നേത്രാവല്‍ക്കര്‍ 13 റണ്‍സില്‍ തളച്ചിടുകയായിരുന്നു. ഇതോടെ അഞ്ച് റണ്‍സിന്റെ വിജയവും യു.എസ്.എ സ്വന്തമാക്കി.

സഹതാരത്തിനൊപ്പം വിജയമാഘോഷിക്കുന്ന നേത്രാവല്‍ക്കർ. Photo: ICC

 

ഈ വിജയത്തോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മുന്നേറ്റമുണ്ടാക്കാന്‍ മാത്രമല്ല, ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ വരവറിയിക്കാനും യു.എസ്.എയ്ക്ക് സാധിച്ചു.

ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് കഷ്ടിച്ച് ജയിച്ച പാകിസ്ഥാനും ലോക ഒന്നാം നമ്പര്‍ ടീം ഇന്ത്യയോട് പൊരുതിത്തോറ്റ യു.എസ്.എയും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച പോരാട്ടത്തിന് തന്നെയാകും എസ്.എസ്.സി സാക്ഷ്യം വഹിക്കുക.

 

Content Highlight: 2026 T20 World Cup: Pakistan will face USA