2026 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഗ്രൂപ്പ് 2ലെ ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ മത്സരത്തോടെയാണ് ലോകകപ്പ് കൂടുതല്‍ ആവേശത്തിലേക്ക് വഴി മാറുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് വണ്ണില്‍ ഇന്ത്യയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക സിംബാബ്‌വേ എന്നിവര്‍ ഇടം പിടിച്ചപ്പോള്‍ ഗ്രൂപ്പ് 2ല്‍ ശ്രീലങ്ക, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരും ഇടം നേടി.
എട്ട് ടീമുകളില്‍ മൂന്ന് ടീമുകള്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ക്കിറങ്ങുന്നത്. ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആ ടീമുകള്‍. ഇതില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും കിരീടത്തിനടുത്തെത്തി കാലിടറി വീണവരാണ്.
2021ലാണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ പ്രവേശിച്ചത്. അന്ന് ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങി. കഴിഞ്ഞ ലോകകപ്പിലായിരുന്നു സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശം. ഇന്ത്യയോട് പരാജയപ്പെട്ടാണ് പ്രോട്ടിയാസ് കിരീടമെന്ന മോഹം അടിയറവ് വെച്ചത്.
മൂന്ന് ടീമുകള്‍ ആദ്യ കിരീടമെന്ന മോഹവുമായി കളത്തിലിറങ്ങുമ്പോള്‍ മൂന്നാം കിരീടമാണ് ഇന്ത്യയടക്കം മൂന്ന് ടീമുകളുടെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകളാണ് ഇതിനോടകം രണ്ട് കിരീടം നേടിയ മറ്റ് ടീമുകള്‍.
ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടനേട്ടം ആവര്‍ത്തിച്ച ആദ്യ ടീം വെസ്റ്റ് ഇന്‍ഡീസാണ്. 2012, 2016 ലോകകപ്പുകളിലായിരുന്നു ടീമിന്റെ നേട്ടം. 2012ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കപ്പുയര്‍ത്തിയ കരിബീയന്‍സ് 2016ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ക്രിക്കറ്റ് ലോകത്തിന്റെ നെറുകിലെത്തിയത്.
കിരീടവുമായി വെസ്റ്റ് ഇന്‍ഡീസ്. Photo: ICC
ഈ രണ്ട് ലോകകപ്പിലും വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ച ഡാരന്‍ സമ്മിയെന്ന മജീഷ്യന്റെ ശിക്ഷണത്തിലാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
2010ലും 2022ലുമായിരുന്നു ഇംഗ്ലണ്ടിന്റെ കിരീട നേട്ടം. ആദ്യ ഫൈനലില്‍ ഓസ്‌ട്രേലിയയും രണ്ടാം കിരീടനേട്ടത്തില്‍ പാകിസ്ഥാനുമായിരുന്നു എതിരാളികള്‍.
2022 ലോകകപ്പ് ജേതാക്കള്‍. Photo: ECB
2007ല്‍, ലോകകപ്പിന്റെ ആദ്യ എഡിഷനില്‍ ധോണിയെന്ന നീളന്‍ മുടിക്കാരന് കീഴില്‍ ലോകം കീഴടക്കിയ ഇന്ത്യ, ആ നേട്ടമാവര്‍ത്തിക്കാന്‍ കാത്തിരുന്നത് നീണ്ട 17 വര്‍ഷങ്ങളാണ്. 2024ല്‍ സൗത്ത് ആഫ്രിക്കയെ കരയിച്ചാണ് രോഹിത്തും സംഘവും പതിറ്റാണ്ട് നീണ്ട ഇന്ത്യയുടെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ചത്.
ഈ ലോകകപ്പില്‍ ഇന്ത്യയെ മറ്റൊരു ചരിത്രവും കാത്തിരിക്കുന്നുണ്ട്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന റെക്കോഡാണ് സൂര്യയ്ക്കും സംഘവും 2026ലെ കിരീടനേട്ടത്തോടെ തങ്ങളുടെ പേരിലെഴുതിച്ചേര്‍ക്കുക.