107ാം പന്തില്‍ തിരുത്തിയത് സ്വന്തം ലോകകപ്പ് ചരിത്രം; ഇന്ത്യയോട് തോറ്റ കിവികള്‍ക്ക് ജയത്തോടെ തുടക്കം
T20 world cup
107ാം പന്തില്‍ തിരുത്തിയത് സ്വന്തം ലോകകപ്പ് ചരിത്രം; ഇന്ത്യയോട് തോറ്റ കിവികള്‍ക്ക് ജയത്തോടെ തുടക്കം
ആദര്‍ശ് എം.കെ.
Sunday, 8th February 2026, 3:05 pm

2026 ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം ടിം സീഫെര്‍ട്ടിന്റെ കരുത്തില്‍ 17.5 ഓവറില്‍ ന്യൂസിലാന്‍ഡ് മറികടന്നു. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ന്യൂസിലാന്‍ഡ് 170+ സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്.

ലോകകപ്പിന് മുമ്പ് ഇന്ത്യയോടേറ്റ പരമ്പര തോല്‍വി മറക്കുന്നതായിരുന്നു ബ്ലാക് ക്യാപ്‌സിന്റെ പ്രകടനം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഗുല്‍ബദീന്‍ നായിബിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം 35 പന്ത് നേരിട്ട് 63 റണ്‍സുമായി മടങ്ങി. നാല് സിക്‌സറും മൂന്ന് ഫോറും അടക്കം 180.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

സെദ്ദിഖുള്ള അടല്‍ (24 പന്തില്‍ 29), റഹ്‌മാനുള്ള ഗുര്‍ബാസ് (22 പന്തില്‍ 27), ഡാര്‍വിഷ് അബ്ദുള്‍ റസൂലി (13 പന്തില്‍ 20) എന്നിവരുടെ പ്രകടനവും അഫ്ഗാനിസ്ഥാന്‍ നിരയില്‍ കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ 182ലെത്തി.

കിവികള്‍ക്കായി ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അസ്മത്തുള്ള ഒമര്‍സായ് റണ്‍ ഔട്ടായപ്പോള്‍ മാറ്റ് ഹെന്‌റി, ജേകബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ ഫിന്‍ അലനെ ഒറ്റ റണ്‍സിനും രചിന്‍ രവീന്ദ്രയെ ഗോള്‍ഡന്‍ ഡക്കാക്കിയും മുജീബ് ഉര്‍ റഹ്‌മാന്‍ മടക്കി.

മൂന്നാം വിക്കറ്റില്‍ ടിം സീഫെര്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ ഫിലിപ്‌സിനെ മടക്കി റാഷിദ് ഖാന്‍ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ 44 റണ്‍സുമായി നില്‍ക്കവെയായിരുന്നു ഫിലിപ്‌സിന്റെ മടക്കം.

പിന്നാലെയെത്തിയ മാര്‍ക് ചാപ്മാനൊപ്പവും സീഫെര്‍ട്ട് കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 124ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി സീഫെര്‍ട്ടിനെ മടക്കി മുഹമ്മദ് നബി ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.

42 പന്തില്‍ 65 റണ്‍സുമായി നില്‍ക്കവെ അസ്മത്തുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. മൂന്ന് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ന്യൂസിലാന്‍ഡ് ഓപ്പണറുടെ ഇന്നിങ്‌സ്. മത്സരത്തില്‍ നേരത്തെ ലൈഫ് കിട്ടിയ സീഫെര്‍ട്ട് അവസരം കൃത്യമായി തന്നെ വിനിയോഗിച്ചു.

പിന്നാലെയെത്തിയവരും തങ്ങളുടേതായ സംഭാവനകളും നല്‍കിയതോടെ 13 പന്ത് ബാക്കി നില്‍ക്കെ ന്യൂസിലാന്‍ഡ് വിജയലക്ഷ്യം മറികടന്നു. മാര്‍ക് ചാപ്മാന്‍ (17 പന്തില്‍ 28), ഡാരില്‍ മിച്ചല്‍ (14 പന്തില്‍ 25*), മിച്ചല്‍ സാന്റ്‌നര്‍ (എട്ട് പന്തില്‍ 17*) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഫെബ്രുവരി പത്തിനാണ് കിവീസ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇ ആണ് എതിരാളികള്‍. അടുത്ത ദിവസം അഫ്ഗാനിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിന് കളത്തിലിറങ്ങും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയെയാണ് ടീമിന് നേരിടാനുള്ളത്.

Content Highlight: 2026 T20 World Cup: New Zealand defeated Afghanistan

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.