സിംബാബ്‌വേയുടെ ചരിത്ര പുരുഷന്‍ ഇനി അശ്വിന് പിന്നില്‍; അഞ്ചാം വിജയത്തില്‍ നെടുതൂണായ 'അനുഗ്രഹം'
T20 world cup
സിംബാബ്‌വേയുടെ ചരിത്ര പുരുഷന്‍ ഇനി അശ്വിന് പിന്നില്‍; അഞ്ചാം വിജയത്തില്‍ നെടുതൂണായ 'അനുഗ്രഹം'
ആദര്‍ശ് എം.കെ.
Friday, 13th February 2026, 3:16 pm

2026 ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നിലംപരിശാക്കി സിംബാബ്‌വേ തുടര്‍ച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്. സിംബാബ്‌വേ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കങ്കാരുക്കള്‍ വെറും 146ന് പുറത്തായി.

മാറ്റ് റെന്‍ഷോയുടെ അര്‍ധ സെഞ്ച്വറി (44 പന്തില്‍ 65) കരുത്തിലാണ് ഓസീസ് സിംബാബ്‌വേയെക്കെതിരെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സിംബാബ്‌വേ ബൗളര്‍മാര്‍ കങ്കാരുക്കളെ എറിഞ്ഞിട്ടു.

സൂപ്പര്‍ താരം ബ്ലെസിങ് മുസരബാനിയുടെ ബൗളിങ് കരുത്തിലാണ് സിംബാബ്‌വേ വിജയം സ്വന്തമാക്കിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് (നാല് പന്തില്‍ എട്ട്), ടിം ഡേവിഡ് (രണ്ട് പന്തില്‍ പൂജ്യം), മാറ്റ് റെന്‍ഷോ (44 പന്തില്‍ 65), ആദം സാംപ (രണ്ട് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുസരബാനി

ഈ പ്രകടനത്തോടെ ഒരു ചരിത്ര നേട്ടവും മുസരബാനി തന്റെ പേരിലാക്കി. ടി-20 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും മികച്ച രണ്ടാമത് ബൗളിങ് പ്രകടനമെന്ന നേട്ടമാണ് മുസരബാനി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. അഫ്ഗാന്‍ സൂപ്പര്‍ താരം ഗുല്‍ബദീന്‍ നായിബിനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ടി-20 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം

(താരം – ടീം – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 4/11 – 2014

ബ്ലെസിങ് മുസരബാനി – സിംബാബ്‌വേ – 4/17 – 2026*

ഗുല്‍ബദീന്‍ നായിബ് – അഫ്ഗാനിസ്ഥാന്‍ – 4/20 – 2024

ഷദാബ് ഖാന്‍ – പാകിസ്ഥാന്‍ – 4/26 – 2021

അന്താരാഷ്ട്ര തലത്തില്‍ ഇത് അഞ്ചാം തവണയാണ് സിംബാബ്‌വേ ഓസ്‌ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കുന്നത്. 2022ലെ ബൈലാറ്ററല്‍ ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം കങ്കാരുക്കള്‍ക്കെതിരായ ഷെവ്‌റോണ്‍സിന്റെ ആദ്യ ജയമാണിത്.

1983 ഏകദിന ലോകകപ്പ്, 2007 ടി-20 ലോകകപ്പ്, 2014 ഒ.ഡി.ഐ ട്രൈനേഷന്‍ സീരീസ്, 2022 ബൈലാറ്ററല്‍ സീരീസ് എന്നിവയിലാണ് സിംബാബ്‌വേ ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച് നാല് പോയിന്റുമായി സിംബാബ്‌വേ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റ് നേടിയ ശ്രീലങ്കയാണ് ഒന്നാമത്. നെറ്റ് റണ്‍ റേറ്റിന്റെ കരുത്തിലാണ് ലങ്ക ഒന്നാമത് തുടരുന്നത്.

ഫെബ്രുവരി 17നാണ് സിംബാബ്‌വേയുടെ അടുത്ത മത്സരം. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.

Content highlight: 2026 T20 World Cup: Blessing Muzarabani registered best bowling figures against Australia in T20WC

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.