ചിക്കാഗോ: 2026 ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ഫുട്‌ബോള്‍ ടീം സ്‌ട്രൈക്കര്‍ അയ്‌മെന്‍ ഹുസൈനെ (Aymen Hussein) യു.എസ് എമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു.
ചിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ താരത്തെ പ്രവേശിക്കാന്‍ അനുവദിച്ചെങ്കിലും, ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി തിരിച്ചയച്ചു.
40 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇറാഖ് ലോകകപ്പിന് യോഗ്യത നേടുന്നത്. അതിന് കാരണമായ നിര്‍ണായക ഗോള്‍ നേടിയ താരമാണ് അയ്‌മെന്‍ ഹുസൈന്‍.
ഇറാഖ് ടീമിലെ മറ്റ് കളിക്കാരെയും ഒഫീഷ്യല്‍സിനെയും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോകാന്‍ അനുവദിച്ചപ്പോഴും അയ്‌മെനെ മാത്രം അധികൃതര്‍ സുരക്ഷാ പരിശോധനകള്‍ക്കായി മാറ്റുകയായിരുന്നു.
ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ താരത്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ അധികൃതര്‍ വിശദമായി പരിശോധിച്ചു. പേരുവിവരങ്ങളിലെ സാമ്യം മൂലമുണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമായതെന്നാണ് മിഡില്‍ ഈസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാഖ് ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ തലാല്‍ സലയ്ക്ക് (Talal Salah) നേരിടേണ്ടി വന്നത് ഇതിലും കടുത്ത നടപടിയാണ്. 10 മണിക്കൂറിലധികം തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്ത ശേഷം ഇദ്ദേഹത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷനോ അയ്‌മെന്‍ ഹുസൈനോ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. കൂടാതെ യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും (ഐ.സി.ഇ) ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം, അയ്‌മെന്‍ ഹുസൈന് നേരിട്ട ദുരനുഭവത്തില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. ലോകകപ്പ് കളിക്കാനായി നിങ്ങളുടെ രാജ്യത്തെത്തിയ ഒരു ദേശീയ താരത്തോട് ഇങ്ങനെയാണോ പെരുമാറേണ്ടത്, ഇതാണോ അമേരിക്കയുടെ ആതിഥ്യമര്യാദ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത നയതന്ത്ര-സൈനിക അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് യു.എസ് വിമാനത്താവളത്തില്‍ കടുത്ത പരിശോധനകള്‍ നേരിടേണ്ടി വരുന്നത്.
ഈ കടുത്ത നടപടികള്‍ക്കിടയിലും പുലര്‍ച്ചെ വിമാനത്താവളത്തിന് പുറത്ത് ഇറാഖ് പതാകകളുമായി തങ്ങളുടെ പ്രിയതാരങ്ങളെ സ്വീകരിക്കാന്‍ വന്‍ ആരാധകക്കൂട്ടം എത്തിയിരുന്നു.
ജൂണ്‍ ഒമ്പതിന് വെനസ്വേലയുമായാണ് ഇറാഖിന്റെ അവസാന ലോകകപ്പ് സന്നാഹ മത്സരം. ലോകകപ്പില്‍ ഗ്രൂപ്പ് ഐ-യിലാണ് ഇറാന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫ്രാന്‍സ്, സെനഗല്‍, നോര്‍വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് താരങ്ങള്‍.
അയ്‌മെന്‍ ഹുസൈനൊപ്പം അലി അല്‍-ഹമാദി, അലി ജാസിം തുടങ്ങിയ പ്രമുഖ താരങ്ങളും അടങ്ങുന്നതാണ് ഇറാഖിന്റെ മുന്നേറ്റനിര. ജൂണ്‍ 11-നാണ് ലോകകപ്പ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്.
Content Highlight: 2026 FIFA World CUP: Iraqi captain Ayman Hussein questioned for seven hours at US airport