ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുമായി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ). ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് എടപ്പാടി പളനിസാമിയാണ് 297 വാഗ്ദാനങ്ങള്‍ അടങ്ങിയ പത്രിക പ്രകാശനം ചെയ്തത്.
പച്ച കാര്‍ഡ് ഉടമകള്‍ക്ക് (റൈസ് കാര്‍ഡ് ഉടമകള്‍) സൗജന്യ ഫ്രിഡ്ജും വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറും അടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
കുലവിളക്ക് പദ്ധതി പ്രകാരം ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതിനൊപ്പം ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തുമെന്നും വാഗ്ദാനത്തിലുണ്ട്.
പൊങ്കല്‍ സമ്മാനമായി 1000 രൂപയും സാരിയും ദോത്തിയും വിതരണം ചെയ്യുന്നത് തുടരുമെന്നും കാര്‍ഷിക് ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും അണ്ണാ ഡി.എം.കെ വാഗ്ദാനം ചെയ്യുന്നു.
സ്വകാര്യമേഖലയിലെ തൊഴിലുകള്‍ക്ക് തമിഴ്‌നാട് സ്വദേശികള്‍ക്ക് 75 ശതമാനം സംവരണം ഉറപ്പാക്കും, മദ്യശാലകള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടി പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പാര്‍ട്ടി മുമ്പോട്ട് വെക്കുന്നു.
എ.ഐ.എ.ഡി.എം.കെയുടെ പ്രധാന വാഗ്ദാനങ്ങള്‍
ക്ഷേമ പദ്ധതികളും സൗജന്യങ്ങളും
റൈസ് കാര്‍ഡ് ഉടമകള്‍ക്ക് ഒരു ഫ്രിഡ്ജ് സൗജന്യമായി നല്‍കും
സൗജന്യ അരിയ്‌ക്കൊപ്പം ഒരു കിലോ പരിപ്പും ഒരു ലിറ്റര്‍ എണ്ണയും സൗജന്യമായി വിതരണം ചെയ്യും
റൈസ് കാര്‍ഡ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് എല്‍.പി.ജി സിലിണ്ടറുകള്‍
ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം
കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ (കുല വിളക്ക് പദ്ധതി)
ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും
മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട് നിര്‍മാണത്തിന് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. താലൂക്ക് തലത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്‍ഷുറന്‍സും പെന്‍ഷനും.
ഭൂമിയില്ലാത്ത കാര്‍ഷിക തൊഴിലാളികളുടെ സെന്‍സസ് നടത്തി അവര്‍ക്ക് വീടും സാമ്പത്തിക സഹായവും ഉറപ്പാക്കും
തമിഴ്നാടിനെ ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ശ്രമിക്കും