ഒടുവില്‍ സൗത്ത് ആഫ്രിക്ക വരെ; കിരീടമില്ലാത്തവര്‍ വിജയിക്കുന്ന 2025, ഇനി ഇന്ത്യയുടെ ഊഴം
Sports News
ഒടുവില്‍ സൗത്ത് ആഫ്രിക്ക വരെ; കിരീടമില്ലാത്തവര്‍ വിജയിക്കുന്ന 2025, ഇനി ഇന്ത്യയുടെ ഊഴം
ആദര്‍ശ് എം.കെ.
Wednesday, 18th June 2025, 4:34 pm

ടൂര്‍ണമെന്റ് കിരീടങ്ങള്‍ സ്വപ്‌നം മാത്രമായി അവശേഷിച്ച ടീമുകളുടെ സ്വപ്‌നം സത്യമായി വന്ന വര്‍ഷമാണ് 2025. ക്രിക്കറ്റില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൗത്ത് ആഫ്രിക്ക ടീമുകള്‍ കിരീടം ശിരസിലണിഞ്ഞപ്പോള്‍ ഫുട്‌ബോളില്‍ ക്രിസ്റ്റല്‍ പാലസ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവരും കിരീടമുയര്‍ത്തി. കരിയറില്‍ അന്താരാഷ്ട്ര തലത്തിലോ ക്ലബ്ബ് തലത്തിലോ ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമില്ലാതിരുന്ന ഹാരി കെയ്‌നിനെയും 2025 കൈവിട്ടില്ല.

എന്നാല്‍ കീരടമില്ലാത്തവര്‍ കിരീടമണിയുന്ന ട്രെന്‍ഡ് പൂര്‍ത്തിയാകണമെങ്കില്‍ ചില ടീമുകളുടെ മുഖത്തും പുഞ്ചിരി പടരണം. അതില്‍ പ്രധാനികള്‍ ഇന്ത്യന്‍ വനിതാ ടീമാണ്. ഒടുവില്‍ കളിച്ച നാല് ഫൈനലിലും തോല്‍വി വഴങ്ങിയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് കച്ചമുറുക്കുന്നത്.

ഐ.സി.സി ലോകകപ്പ്, ഐ.സി.സി. ടി-20 ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ ഒടുവില്‍ ഫൈനലില്‍ പരാജയപ്പെട്ടത്. ഇതിന് പുറമെ ട്രൈനേഷന്‍ സീരീസ് അടക്കമുള്ള സീരീസുകളിലും ഇന്ത്യന്‍ വനിതകള്‍ പരാജയം രുചിച്ചു.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇന്ത്യ ഒടുവില്‍ ഫൈനലില്‍ പരാജയപ്പെട്ടത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. സ്വന്തം മിസ്റ്റേക്കുകള്‍ കാരണം കയ്യകലത്തുണ്ടായിരുന്ന വിജയം ഇന്ത്യ കളഞ്ഞുകുളിക്കുകയായിരുന്നു.

ഇന്ത്യയെ പരാജയപ്പെടുത്തി സ്വര്‍ണമണിഞ്ഞ ഓസ്‌ട്രേലിയന്‍ ടീമിന്റെ ആഹ്ലാദം

2020ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇതിന് മുമ്പ് കണ്ണീരണിഞ്ഞത്. അന്ന് ഇന്ത്യയെ തോല്‍പിച്ചതാകട്ടെ ഇതേ ഓസ്ട്രേലിയയും.

മെല്‍ബണില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ 85 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 184 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 19.2 ഓവറില്‍ 99ന് പുറത്താവുകയായിരുന്നു. ഇന്ത്യയെ തോല്‍പിച്ചതോടെ ഒരിക്കല്‍ക്കൂടി കിരീടം നിലനിര്‍ത്താനും ഓസീസിനായി.

2020 ടി-20 ലോകകപ്പുമായി ഓസ്‌ട്രേലിയ

2017ലാണ് ഇന്ത്യ ഇതിന് മുമ്പ് ഫൈനലിലെത്തിയതും തോറ്റതും. 2017ലെ ഐ.സി.സി വനിതാ ലോകകപ്പിലായിരുന്നു ഇന്ത്യ കണ്ണീരണിഞ്ഞത്. ഇംഗ്ലണ്ടിനോടായിരുന്നു ഇന്ത്യയുടെ പരാജയം.

കിരീടവുമായി ഇംഗ്ലണ്ട്

 

ഇന്ത്യന്‍ താരങ്ങളുടെ നിരാശ

ഐ.സി.സിയുടെ രണ്ട് ടൂര്‍ണമെന്റിലും അവരവരുടെ നാട്ടില്‍ വെച്ചായിരുന്നു ഇന്ത്യ തോറ്റത് എന്നതും ഒരു യാദൃശ്ചികതയായിരുന്നു.

2023ലെ ടി-20 ലോകകപ്പിലും നോക്ക്ഔട്ടില്‍ ഇന്ത്യ പരാജയം രുചിച്ചു. അന്ന് സെമി ഫൈനലിലാണ് ഇന്ത്യ പുറത്തായത്. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

2022ല്‍ നടന്ന ഏകദിന ലോകകപ്പിലും 2024ല്‍ നടന്ന ടി-20 ലോകകപ്പിലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

ഇതിനെല്ലാം പുറമെ തങ്ങളുടെ കുത്തകയായ ഏഷ്യാ കപ്പ് ഫൈനലിലും പരാജയപ്പെട്ടാണ് ഇന്ത്യ തങ്ങളുടെ മണ്ണില്‍ നടക്കുന്ന 2025 ലോകകപ്പിനൊരുങ്ങുന്നത്. ഇതിന് മുമ്പ് നടന്ന ഏഷ്യാ കപ്പുകളില്‍ ഒന്നൊഴികെ വിജയിച്ച ഇന്ത്യ അനായാസം 2024ലും കിരീടമണിയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഏഷ്യാ കപ്പുമായി ചമാരി അത്തപ്പത്തുവും സംഘവും

ഫൈനലില്‍ ചമാരി അത്തപ്പത്തുവിന്റെ ശ്രീലങ്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ അഞ്ച് ഫൈനലില്‍ വീണ കണ്ണുനീരിനുള്ള മറുപടി നല്‍കാനും ചമാരിക്ക് സാധിച്ചു.

2025 വനിതാ ഏകദിന ലോകകപ്പ്

ഇന്ത്യയും ശ്രീലങ്കയുമാണ് 2025 വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്നത്. ചിന്നസ്വാമി സ്റ്റേഡിയം-ബെംഗളൂരു, അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം-ഗുവാഹത്തി (ബര്‍സാപര സ്റ്റേഡിയം), ഹോല്‍കര്‍ സ്റ്റേഡിയം-ഇന്‍ഡോര്‍, എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം-വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികള്‍.

പാകിസ്ഥാന്റെ മത്സരങ്ങള്‍ക്കാണ് ശ്രീലങ്ക വേദിയാകുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് ഈ പോരാട്ടങ്ങള്‍ക്ക് വേദിയാവുക.

2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുന്നത്.

എട്ട് ടീമുകളാണ് ലോകകപ്പിനെത്തുന്നത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ (ആതിഥേയര്‍), ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിവരാണ് ടീമുകള്‍.

ചിന്നസ്വാമി സ്റ്റേഡിയമാണ് ലോകകപ്പിന്റെ ഓപ്പണിങ് മാച്ചിന് വേദിയാകുന്നത്.

പാകിസ്ഥാന്റെ പ്രകടനമനുസരിച്ചായിരിക്കും ലോകകപ്പിന്റെ നോക്ക്ഔട്ട് വേദികള്‍ തീരുമാനിക്കപ്പെടുക. പാകിസ്ഥാന്‍ സെമി ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കൊളംബോ സെമി ഫൈനലിന് വേദിയാകും. ഫൈനലിന്റെ കാര്യവും സമാനമാണ്.

എന്നാല്‍ പാകിസ്ഥാന് സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ കൊളംബോയ്ക്ക് പകരം ഗുവാഹത്തിയില്‍ മത്സരം നടക്കും. ബെംഗളൂരുവാണ് രണ്ടാം സെമിക്ക് ആതിഥേയത്വം വഹിക്കുക.

പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിനെത്തിയില്ലെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 2025ലെ ലോക ചാമ്പ്യന്‍മാര്‍ പിറവിയെടുക്കും.

ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ന്യൂസിലാന്‍ഡ് ആതിഥേയത്വം വഹിച്ച 2022 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.

 

Content Highlight: 2025 Women’s ODI World Cup: Can India win the title?

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.