കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്വപ്‌നതുല്യമായ മുന്നേറ്റമാണ് യു.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നത്.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 497ലും യു.ഡി.എഫ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്. 2020ല്‍ 365 പഞ്ചായത്തുകളിലാണ് ഐക്യജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം നൂറിലധികം പഞ്ചായത്തുകള്‍ കൂടി യു.ഡി.എഫ് ഭരിക്കാനൊരുങ്ങുകയാണ്.
കഴിഞ്ഞ തവണ 541 പഞ്ചായത്തുകള്‍ പിടിച്ച എല്‍.ഡി.എഫ് ഇത്തവണ 344 പഞ്ചായത്തുകളില്‍ മാത്രമാണ് വിജയിക്കുകയോ നിലവില്‍ ലീഡ് സ്വന്തമാക്കുകയോ ചെയ്തിരിക്കുന്നത്. എന്‍.ഡി.എയും 14ല്‍ നിന്ന് തങ്ങളുടെ ഗ്രാമ പഞ്ചായത്തുകള്‍ 26ലേക്ക് (വിജയിക്കുകയോ ലീഡ് നേടുകയോ) വര്‍ധിപ്പിച്ചു.
ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ 78 ഇടങ്ങളില്‍ യു.ഡി.എഫ് വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്. ആകെയുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ പകുതിയലധികവും യു.ഡി.എഫിന് കൈ കൊടുത്തു. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 64ലേക്ക് വീണു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കഴിഞ്ഞ തവണ പുലര്‍ത്തിയ സമഗ്രാധിപത്യം ഇത്തവണ അവര്‍ക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ല. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം വീതം ഇരുവരും വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്.
ഇടത് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അല്‍പ്പമെങ്കിലും ആശ്വസിക്കാന്‍ വക നല്‍കിയത് മുനിസിപ്പാലിറ്റികള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ഇടതിനെ പൂര്‍ണമായും അപ്രസക്തമാക്കിയാണ് യു.ഡി.എഫ് മുനിസിപ്പാലിറ്റികളിലും കുതിപ്പ് തുടരുന്നത്.
ആകെയുള്ള 87ല്‍ 54ലും നിലവില്‍ ഐക്യജനാധിപത്യ മുന്നണി വിജയിക്കുകയോ ലീഡ് സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫ് 28ലേക്ക് ചുരുങ്ങിയപ്പോള്‍ എന്‍.ഡി.എ രണ്ടിലും മറ്റുള്ളവര്‍ ഒരു മുനിസിപ്പാലിറ്റിയിലും സാന്നിധ്യമറിയിക്കുന്നു.
ഇടതുപക്ഷത്തെ ആകെ ഞെട്ടിച്ചത് കോര്‍പ്പറേഷനുകളിലെ യു.ഡി.എഫ് മുന്നേറ്റങ്ങളാണ്. പതിറ്റാണ്ടുകളായി ഉറച്ച കോട്ടയെന്നോണം ഇടതിനെ തുണച്ച കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫിന് ഒന്നാകെ കാലിടറി.
കഴിഞ്ഞ തവണ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചും എല്‍.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ ഇത്തവണ അത് കേവലം കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മാത്രമായി ചുരുങ്ങി.
കഴിഞ്ഞ തവണ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളിലിലും യു.ഡി.എഫ് മികച്ച മുന്നേറ്റമുണ്ടാക്കി. നാല് നാല് കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് നിലവില്‍ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷന്‍ യു.ഡി.എഫ് പിടിച്ചെടുത്തതാണ് എല്‍.ഡി.എഫിനേറ്റ വലിയ തിരിച്ചടി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എ പിടിച്ചെടുത്തതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. ശക്തികേന്ദ്രങ്ങളിലടക്കം എല്‍.ഡി.എഫിന് പാടെ കാലിടറുകയായിരുന്നു.
Content Highlight: 2025 Local Body Election, UDF wave in Kerala