കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലും പതിവിന് വിപരീതമായി യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കിറ്റ് കൊടുത്ത് അധികാരത്തില്‍ വന്നത് പോലെ ജനങ്ങളെ കബളിപ്പിക്കാപ്പിക്കാമെന്ന ഇടതുപക്ഷത്തിന്റെ വിചാരം അസ്ഥാനത്തായെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പതിവിന് വിപരീതമായി ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കിറ്റ് കൊടുത്ത് അധികാരത്തില്‍ വന്നത് പോലെ ജനങ്ങളെ കബളിപ്പിക്കാപ്പിക്കാമെന്ന ഇടതുപക്ഷത്തിന്റെ വിചാരം അസ്ഥാനത്തായെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കാന്‍ പോവുകയാണ്.
2026ല്‍ തെരഞ്ഞെടുപ്പില്‍ 1971ലെ പോലെ 111 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഭരണവിരുദ്ധ വികാരമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.
ഒമ്പതര വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങളെയും അസ്വസ്ഥരാക്കിയിരിക്കുന്നു, അസംതൃപ്തരാക്കിയിരിക്കുന്നു,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 10,000 കോടിയുടെ പ്രഖ്യാപനങ്ങള്‍ നടത്തിയത് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പടിയിറങ്ങണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘2026ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ കേളി കൊട്ടാണ് കേട്ടിരിക്കുന്നത്. പൂര്‍വാധികം ശക്തിയോടെ യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചുവരും. ഇനിയുള്ള അഞ്ച് വര്‍ഷക്കാലം പിണറായി വിജയന് വിശ്രമിക്കാമെന്ന സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: 2025 Local Body Election: Rajmohan Unnithan slams Pinarayi Vijayan