2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.
മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വിരാടിന് പുറമെ ഒരു ഫോറും നാല് സിക്സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ നിര്‍ണായകമായ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. ഇപ്പോള്‍ 2024 ടി-20 ലോകകപ്പില്‍ ആരാണ് യഥാര്‍ത്ഥ ഗെയിം ചെയ്ഞ്ചറെന്ന് പറയുകയാണ് രോഹിത്.
അക്‌സര്‍ പട്ടേലിന്റെ ഇന്നിങ്‌സനെക്കുറിച്ച് ആരും സംസാരിക്കാറില്ലെന്നും ആ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയതെന്നും രോഹിത് പറഞ്ഞു. അത്തരം ഘട്ടത്തില്‍ 31 പന്തുകള്‍ നേരിട്ട് 47 റണ്‍സ് നേടുക എന്നത് വളരെ നിര്‍ണായകമായിരുന്നു എന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മത്സരത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സിനെയും രോഹിത് പ്രശംസിച്ചു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അക്‌സര്‍ പട്ടേലിന്റെ ഇന്നിങ്സിനെക്കുറിച്ച് അധികം ആരും സംസാരിക്കാറില്ല. പക്ഷേ അവന്റെ ഇന്നിങ്സായിരുന്നു കളിയുടെ ഗതി മാറ്റിയത്. ആ സമയത്ത്, 31 പന്തില്‍ നിന്ന് 47 റണ്‍സ് നേടുക എന്നത് വളരെ നിര്‍ണായകമായിരുന്നു. വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. വിരാട് ആ ജോലി മികച്ച രീതിയില്‍ ചെയ്തു. ഇന്നിങ്സിലുടനീളം അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു, അത് ശിവം, അക്സര്‍, ഹര്‍ദിക് എന്നിവര്‍ക്ക് വന്ന് ആക്രമിക്കാന്‍ അവസരമൊരുക്കി,’ രോഹിത് പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടിയിരുന്നു.
Content Highlight: 2024 T-20 World Cup: Rohit Sharma Talking About Axar Patel