ന്യൂദല്‍ഹി: സര്‍ക്കാരിനെ അട്ടിമറിക്കാനായി തങ്ങള്‍ ശ്രമിച്ചെന്ന വാദം പൊലീസ് കുറ്റപത്രത്തിലില്ലെന്ന് ആക്ടിവിസ്റ്റ് ഗള്‍ഫിഷ ഫാത്തിമ. 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഗള്‍ഫിഷയുടെ അഭിഭാഷകന്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
തന്നെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. ഗള്‍ഫിഷ ആറ് വര്‍ഷത്തോളമായി തടവിലാണെന്നും വിചാരണയിലെ കാലതാമസം അത്ഭുതകരമാണെന്നും ഗള്‍ഫിഷയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു.
‘കുറ്റപത്രത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് നിങ്ങളെങ്ങനെ ആരോപിക്കും? ദല്‍ഹി പൊലീസിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് ജസ്റ്റിസുമാരായ അരവിന്ദ്കുമാര്‍, എന്‍.വി. അന്ജരീയ എന്നിവരടങ്ങുന്ന ബെഞ്ചിനോട് സിങ്വി ചോദിച്ചു.
ആസാമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ഇന്ത്യ മുഴുവന്‍ ഗൂഡാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ വാദവും ഒരുപോലെ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗള്‍ഫിഷയ്‌ക്കെതിരെ ഇതുവരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും 939 സാക്ഷികളുള്ള കേസില്‍ കസ്റ്റഡികാലാവധി അനന്തമായി നീട്ടികൊണ്ടുപോവാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.