സൂപ്പര്‍സ്റ്റാറുകള്‍ ഏറ്റുമുട്ടുന്ന വടകര
D' Election 2019
സൂപ്പര്‍സ്റ്റാറുകള്‍ ഏറ്റുമുട്ടുന്ന വടകര
ഖലീല്‍
Saturday, 13th April 2019, 11:55 am

രിവാള്‍ കൊണ്ട് ചോര വീഴ്ത്താനാവുമെന്നും, പക്ഷേ ചോര കൊണ്ട് അരിവാളിനെ വീഴ്ത്താനാവില്ലെന്നും കണ്ടറിഞ്ഞിട്ടുണ്ട് കുറുമ്പ്രനാട്ടെ മണ്ണ്. മണ്ടോടി കണ്ണന്‍ മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വരെയുള്ള രക്തസാക്ഷികള്‍ അത് പഠിപ്പിച്ചിട്ടുണ്ട്. അറ്റ് പോകുന്ന ജീവന്‍ കൊണ്ട്, ഇറ്റ് വീഴുന്ന സ്വന്തം ചോരയാല്‍ മലബാര്‍ സ്‌പെഷല്‍ പൊലീസിന്റെ ലോക്കപ്പിന്റെ ചുവരില്‍ ഒഞ്ചിയം രക്തസാക്ഷി സഖാവ് മണ്ടോടി കണ്ണന്‍ വരച്ചുവെച്ച അരിവാളില്‍ നിന്നു തുടങ്ങുന്നു ഇന്നത്തെ വടകരയുടെ ആധുനിക രാഷ്ട്രീയ ചരിത്രം.

ഒഞ്ചിയം വെടിവെപ്പിന്റെ എഴുപത്തിഒന്നാം വാര്‍ഷികത്തിന് ഒരാഴ്ച ബാക്കി നില്‍ക്കെ, സഖാവ് മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വത്തിന്റെ എഴുപതാമാണ്ടിന് ഒന്നരമാസം അപ്പുറത്ത്, വടകര ലോക്‌സഭാ മണ്ഡലം വോട്ട് ചെയ്യാന്‍ വരിനില്‍ക്കുമ്പോള്‍, കണ്ണൂരിന്റെ ” ചെഞ്ചോരപ്പൊന്‍കതിര്‍’, പി.ജയരാജനിലേക്ക് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നുണ്ട്, ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പു കാലത്ത് മറ്റൊരു സ്ഥാനാര്‍ത്ഥിയിലേക്കും നോക്കുന്നത് പോലെയല്ലാതെ. ഇക്കുറി കേരളത്തില്‍ സി.പി.ഐ. എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയിലെ സൂപ്പര്‍ താരം ജയരാജന്‍ തന്നെ.

മണിക്കൂറുകള്‍ മാത്രം മുമ്പ്, എ.ഐ.സി.സി.അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വണ്ടി പിടിക്കുന്നുവെന്ന വാര്‍ത്ത വരുന്നതിന് മുമ്പ്, കോണ്‍ഗ്രസ്സിന്റെ പൊന്‍താരകം കാണാനും കേരളം നോക്കിയത് വടകരയിലേക്കായിരുന്നു. പി.ജയരാജനെന്ന ചെന്താരകത്തെ നേരിടാന്‍ കെല്‍പ്പില്ലാതെ മുല്ലപ്പള്ളിക്കു വരെ മുട്ടിടിച്ചപ്പോള്‍ , മുഖം രക്ഷിക്കാന്‍ ചാവേറുകളെ തേടി കെ.പി.സി.സി. പരക്കം പാഞ്ഞപ്പോള്‍, ‘അടിയന്‍ ലച്ചിപ്പോം’ എന്ന് ആണയിടാന്‍ ചങ്കൂറ്റം കാണിച്ച ഏക കോണ്‍ഗ്രസ്സുകാരന്‍, സാക്ഷാല്‍ കെ.കരുണാകരന്റെ മകന്‍ – കെ.മുരളീധരന്‍ വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്തിയതോടെ വടകര ഇന്നു കേരളത്തിലെ ഏറ്റവും കടുത്ത രാഷ്ട്രീയപോരാട്ടത്തിന്റെ വേദിയാണ്.

രാഹുല്‍ഗാന്ധി കഴിഞ്ഞാല്‍, ഇന്നു കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരിക്കുന്നു മുരളീധരന്‍. കറകളഞ്ഞ കണ്ണൂര്‍ കമ്യൂണിസ്റ്റുകാരനും, കോണ്‍ഗ്രസ്സിന്റെ സകല ഫ്യൂഡല്‍ പൈതൃകങ്ങളുടെയും ഭാരവുമായി ലീഡറുടെ പുത്രനും ഏറ്റുമുട്ടുമ്പോള്‍ വടകര പലതും ഓര്‍മിപ്പിക്കുന്നുണ്ട്. ചരിത്രമായും കണക്കുകളായും…

 

ചോര വീണ മണ്ണ്

ചരിത്രത്തിലും കണക്കിലും ചുവപ്പാണ് വടകര. ഒഞ്ചിയം പറയാതെ വടകരയെക്കുറിച്ച് പറഞ്ഞു തുടങ്ങാനാവില്ല. വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘവും മൊയ്യാരത്ത് ശങ്കരന്റെ കോണ്‍ഗ്രസും ഉഴുതുമറിച്ചു നവോത്ഥാനം വിതച്ച മണ്ണിനെ പില്‍ക്കാലം ചോര കൊണ്ടു ചുവപ്പിച്ചത് ഒഞ്ചിയമാണ്.1948 ഏപ്രില്‍ 30ന്.

അന്ന് മൈസൂര്‍ രാജ്യത്തെ മലബാര്‍ പ്രവിശ്യയിലാണ് ഒഞ്ചിയം. കുറുമ്പ്രനാട് താലൂക്കില്‍. റേഷന്‍ വിതരണത്തിലെ ക്രമക്കേടിനെതിരെ കര്‍ഷകത്തൊഴിലാളികളുടെ സമരം. സമയം നയിക്കുന്നത് സഖാവ് മണ്ടോടി കണ്ണനും സഖാവ് എം.കെ.കേളുവേട്ടനും. സമരത്തിന്റെ മുന്‍നിരക്കാരനായിരുന്ന ചോയിക്കാരണവരെ വീട്ടില്‍ കയറി പൊലീസ് പിടിച്ചതിനെതിരെ പ്രതിഷേധിക്കാനാണു തൊഴിലാളികള്‍ അന്ന് ഒഞ്ചിയം ചെന്നാട്ടുതാഴെ വയലില്‍ ഒത്തുകൂടിയത്.

ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കെന്ന പേരില്‍ പൊലീസ് അവരെ അവിടേക്ക് വിളിച്ചു വരുത്തിയതുമായിരുന്നു. (അതിന്റെ പിന്നിലൊരു കോണ്‍ഗ്രസ് ചതി ഉണ്ടായിരുന്നുവെന്നു പഴയ തലമുറ പറയും). സമരക്കാരെ നേരിടാനെത്തിയത് എം.എസ്.പിയുടെ സായുധസേന. മലബാര്‍ സ്‌പെഷല്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 10 സഖാക്കള്‍.

എട്ടു പേര്‍ ചെന്നാട്ടുതാഴെ വയലിലെ സമരസമ്മേളന ഭൂമിയില്‍ത്തന്നെ വെടികൊണ്ടു വീണു മരിച്ചു കിടന്നു. മണ്ടോടി കണ്ണനുള്‍പ്പെടെ രണ്ടു പേര്‍ പൊലീസ് മര്‍ദ്ദനത്തിന്റെ മുറിവുകള്‍ താണ്ടാനാവാതെ പിന്നീടു രക്തസാക്ഷികളായി. കയ്യൂരിനും കരിവെള്ളൂരിനും പുന്നപ്ര വയലാറിനുമൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു ചോരകൊണ്ടു വളനിലമൊരുക്കി ഒഞ്ചിയവും.

ചോര കൊണ്ട് തോല്‍പ്പിക്കാനാവില്ലെന്നു തൊഴിലാളികള്‍ അധികാരികളെ പഠിപ്പിച്ച നാട്. പ്രസ്ഥാനത്തിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പൊരുതി പാര്‍ടി വിട്ട സഖാവ് ടി.പി ചന്ദ്രശേഖരന്റെ ചോരയും പില്‍ക്കാലത്ത് അതേ മണ്ണില്‍ പുരണ്ടു. അന്നും ചോരയല്ല ജയിച്ചത്. എതിരില്ലാതെ സി.പി.ഐ.എം ഭരിച്ചിരുന്ന ഒഞ്ചിയം പഞ്ചായത്ത് ഇന്നു ഭരിക്കുന്നതു മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ടി.പി ചന്ദ്രശേഖരനും സഖാക്കളും ചേര്‍ന്നു സ്ഥാപിച്ച റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ടി (ആര്‍.എം.പി.). ടി പിയുടെ രക്തവും തോറ്റില്ല തന്നെ.

മരിക്കാത്ത ടി.പി

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് ഏഴു കൊല്ലത്തിനിപ്പുറവും വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം മറ്റൊന്നല്ല. മോദി ഭരണമോ ഹിന്ദുത്വയോ പുല്‍വാമയോ ശബരിമലയോ അല്ല, ചോരക്കളി തന്നെയാണ് ഇക്കുറിയും വടകരയിലെ ചര്‍ച്ചാ വിഷയം. അതു പക്ഷേ, ഒഞ്ചിയം സഖാക്കളൊഴുക്കിയ ചോരയെക്കുറിച്ചു മാത്രമല്ല.

ടി.പി ചന്ദ്രശേഖരന്‍

ടി.പി ചന്ദ്രശേഖരന്‍ വധം മുതല്‍ കാസര്‍കോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊല വരെ വടകരയില്‍ ചര്‍ച്ചയാവുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ ഒരു വോട്ട് എന്നാണു യു.ഡി.എഫ്. ചോദിക്കുന്നത്. സമീപകാലത്തു സി.പി.ഐ.എം പ്രതിസ്ഥാനത്തു വന്ന പല രാഷ്ട്രീയ കൊപാതകങ്ങളിലും പ്രതി ചേര്‍ക്കപ്പെടുകയോ പങ്ക് ആരോപിക്കപ്പെടുകയോ ചെയ്ത പി.ജയരാജനെതിരെ പ്രയോഗിക്കാന്‍ തല്‍ക്കാലം മറ്റൊരായുധം യു.ഡി.എഫിന്റെ കയ്യിലില്ല.

കണക്ക് കാട്ടി എല്‍.ഡി.എഫ്.

കണക്കിലും കടുംചുവപ്പാണ് വടകര. പക്ഷേ, കണക്കു തീര്‍ക്കാന്‍ കെ.കെ രമയും ആര്‍.എം.പിയും വലതുചേരിയില്‍ കോണ്‍ഗ്രസ്സിനോട് കൈകോര്‍ക്കുമ്പോള്‍ കാര്യങ്ങള്‍, കണക്കു കൂട്ടിയ പോലെ അത്ര എളുപ്പമാവില്ലെന്ന് എല്‍.ഡി.എഫ്. തിരിച്ചറിയുന്നുണ്ട്; ഇതിനകം പുറത്ത് വന്ന പ്രീ – പോള്‍ സര്‍വ്വേകളെല്ലാം പി ജയരാജന്റെ, അത്ര അനായാസമല്ലാത്ത വിജയം പ്രവചിക്കുന്നുണ്ടെങ്കിലും.

കണക്ക് നോക്കുമ്പോള്‍ വടകരയില്‍ ജയരാജന് ഒന്നും പേടിക്കാനില്ല. മൂന്ന് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോകസഭാ പരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വ്യക്തമായ ഭൂരിപക്ഷം എല്‍.ഡി.എഫിനുണ്ട്. ഒരേ ഒരു മണ്ഡലത്തില്‍ മാത്രം യു.ഡി.എഫ്. കഷ്ടിച്ചു കടന്നു കൂടുകയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ മാത്രം എല്‍.ഡി.എഫിന് 34117 വോട്ടിന്റെ ലീഡ് ആണ് ലഭിച്ചത്. കൂത്തുപറമ്പില്‍ 12291 വോട്ടിന്റെ ഭൂരിപക്ഷവും. വടകര (ഭൂരിപക്ഷം 9511), കൊയിലാണ്ടി (13369), നാദാപുരം (4759), പേരാമ്പ്ര (4101) എന്നിവയാണു 2016ല്‍ എല്‍.ഡി.എഫ് ജയിച്ച നിയമസഭാ മണ്ഡലങ്ങള്‍. 1157 വോട്ടിന്റെ ഭൂരിപക്ഷത്തിനു കടന്നുകൂടിയ കുറ്റ്യാടി മാത്രമാണ് യു.ഡി.എഫിന്റെ കയ്യിലുള്ളത്.

പി. ജയരാജന്‍

2016ലെ തെരഞ്ഞെടുപ്പില്‍ 76991 വോട്ടുകളാണു വടകര ലോകസഭാ മണ്ഡലം പരിധിയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം. അതിനും രണ്ടു വര്‍ഷം മുമ്പു നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേടിയ 3306 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മേല്‍ക്കൈ തിരിച്ചു പിടിച്ചതെന്നും ഓര്‍ക്കണം. ടി.പി വധത്തിന്റെ വൈകാരിക തരംഗങ്ങളും ആര്‍.എം.പിയുടെ പ്രതികാരദാഹവും 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍.ഡി.എഫിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുകയുണ്ടായെന്നതില്‍ സംശയമില്ല.

ടി.പിയുടെ കൊലയാളികളുമായി അന്നത്തെ സി.പി.ഐ.എം. സ്ഥാനാര്‍ഥി എ.എന്‍.ഷംസീറിന് ഉണ്ടായിരുന്നതായി ആരോപിക്കപ്പെട്ട ബന്ധവും ആ തോല്‍വിയില്‍ വലിയ പങ്ക് വഹിക്കുകയുമുണ്ടായി. എന്നിട്ടും, 2009ലെ 56186 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങുമെത്തിയില്ല 2014ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ ലീഡ്: വെറും 3306 വോട്ട്.

പക്ഷേ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തിനു മുന്‍പു തന്നെ വിള്ളലുകള്‍ കൊട്ടിയടച്ചു കോട്ട ഭദ്രമാക്കാന്‍ സി.പി.ഐ.എമ്മിനു കഴിഞ്ഞിരുന്നു. അന്ന് വലതുചേരിയിലായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ ഇപ്പോള്‍ ഇടതുമുന്നണിയിലുണ്ടെന്നതും വടകരയില്‍ എല്‍.ഡി.എഫിന് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്ന ഘടകമാണ്. ജനതാ പരിവാറിന്റെ കൊച്ചുകൊച്ചു കോട്ടകളുണ്ട് വടകര ലോകസഭാ മണ്ഡലത്തില്‍. അങ്ങിങ്ങായിപി.ആര്‍.കുറുപ്പിന്റെ പാനൂരും പെരിങ്ങളവും പോലെ.

മുക്കാല്‍ ലക്ഷത്തോളം വോട്ടുകള്‍ വടകരയില്‍ തങ്ങള്‍ക്കു സ്വന്തമായുണ്ടെന്നാണു വീരന്റെ പാര്‍ട്ടിയുടെ അവകാശവാദം. ഇപ്പറഞ്ഞ കണക്കുകളെ കണ്ണുമടച്ചു വിശ്വസിച്ചാല്‍ വടകരയില്‍ ജയരാജന് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സ്വപ്നം കാണാം. പക്ഷേ…

കണക്കു കൂട്ടി യു.ഡി.എഫ്.

കണക്കുകളാണ് വടകരയില്‍ എല്‍.ഡി.എഫിന് കരുത്ത് പകരുന്നതെങ്കില്‍, കണക്കുകൂട്ടലുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ മല്‍സരിക്കാനാളില്ലാതെ ലേ ഓഫ് ഭീഷണിയിലായിരുന്ന വടകരയില്‍ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ കെ.മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ യു.ഡി.എഫ്. ക്യാംപിലുണ്ടായ ആവേശവും ഉന്മേഷവും ചെറുതല്ല.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി വടകരയിലെത്തുമ്പോള്‍ മുരളീധരനു ലഭിച്ച സ്വീകരണവും അതിലെ ജനപങ്കാളിത്തവും എല്‍.ഡി.എഫിനെ ഞെട്ടിക്കുക തന്നെ ചെയ്തിട്ടുണ്ട്. മുരളീധരന്റെ സംശുദ്ധ പ്രതിച്ഛായ തന്നെയാണ് വടകരയില്‍ യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്ത്. ‘മുല്ലപ്പള്ളി നടപ്പാക്കിയ വികസന പദ്ധതികള്‍ക്കു വേണ്ടി’ക്കൂടി മുരളി വോട്ട് ചോദിക്കുന്നുണ്ടെങ്കിലും അതിനൊരു ഇലക്ഷന്‍കാല ഫലിതത്തിനപ്പുറം ഗൗരവം ആരും കാണുന്നില്ല.

കെ. മുരളീധരന്‍

മണ്ഡലത്തെ മുരളി ഇളക്കിമറിക്കുന്നുണ്ട്. മുരളിയെ കേള്‍ക്കാന്‍ ആളുകൂടുന്നുണ്ട്. ആളുകൂടി പൊട്ടി വീണ സ്റ്റേജിനു മുമ്പില്‍ നിന്നു കൊണ്ടു പോലും അണികളെ ആവേശഭരിതരാക്കാന്‍ മുരളിക്കു കഴിയുന്നുമുണ്ട്. സി.പി.ഐ.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണു മുരളി വോട്ടപേക്ഷിക്കുന്നത്. ആ അപേക്ഷയില്‍ ടി.പി ചന്ദ്രശേഖരന്റെ വിധവയുടെ കയ്യൊപ്പുമുണ്ട് എന്നത് എല്‍.ഡി.എഫിനെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറിയാണ് ടി.പി എന്ന വികാരം വടകരയില്‍ അലയടിക്കുന്നത്. ടി.പി വധത്തിലുള്‍പ്പെടെ ആരോപണവിധേയനാക്കപ്പെട്ട പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വം അതിന് ശക്തി പകരുകയാണു ചെയ്തത്. ഐക്യകേരളത്തില്‍ ഏറ്റവുമേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു സാക്ഷ്യം വഹിച്ചൊരു പ്രദേശത്ത്, അക്രമവിരുദ്ധ രാഷ്ട്രീയത്തിന് ആവശ്യക്കാര്‍ കുറവല്ല തന്നെ.

മുല്ലപ്പള്ളി രാമചന്ദ്രന്‍

പി.ജയരാജനെ സി.പി.ഐ.എം. കണ്ണൂര്‍ നേതൃത്വത്തില്‍ നിന്ന് അടിച്ചൊതുക്കുന്നതിന്റെ ഭാഗമായാണ് വടകരയിലേക്കു മല്‍സരിക്കാന്‍ വിട്ടതെന്ന പ്രചാരണവും യു.ഡി.എഫ്. കൊണ്ടു പിടിച്ചു നടത്തുന്നുണ്ട്. വീരന്റെ ജനതാദളിന്റെ വീരസ്യം പറച്ചിലുകളെ വടകരയില്‍ യു.ഡി.എഫ്. കണക്കിലെടുക്കുന്നില്ല. ഇടതുമുന്നണിയിലേക്ക് നിരുപാധികം കഴുത്തുനീട്ടിക്കൊടുത്തിട്ടും പാര്‍ട്ടിക്ക് ഒരു തോല്‍ക്കുംസീറ്റ് പോലും എല്‍.ഡി.എഫില്‍ നിന്നു കിട്ടിയില്ല എന്നതില്‍ ലോക് താന്ത്രിക് ജനതാദളിലെ ഒരു വിഭാഗത്തിനു പ്രതിഷേധമുണ്ട്. അതും കൈപ്പത്തിയില്‍ പതിയുമെന്നു യു.ഡി.എഫ്. പ്രതീക്ഷിക്കുന്നുമുണ്ട്.

താമരക്കിളി പാടുന്നതാര്‍ക്കു വേണ്ടി?

ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സ്ഥിരീകരണമില്ലെങ്കിലും ഒരു വടകര-വട്ടിയൂര്‍ക്കാവ് ബാര്‍ട്ടര്‍ ഇടപാട് കൂത്തുപറമ്പ്-തലശ്ശേരി മേഖലകളില്‍ മണക്കുന്നതായി ആരോപണമുണ്ട്. കാരണങ്ങള്‍ക്കു പഞ്ഞമില്ല. മലബാറില്‍ സംഘപരിവാരത്തിന്റെ നമ്പര്‍ വണ്‍ എനിമിയാണ് പി.ജയരാജന്‍.

ആര്‍.എസ്.എസ്. അക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ജയരാജന്‍ അറിയപ്പെടുന്നു. 1999ലെ തിരുവോണക്കാലത്ത്, ഇതുപോലൊരു തിരഞ്ഞെടുപ്പുപണിക്കാലത്ത്, ആര്‍.എസ്.എസ്.-ബി.ജെ.പി.പ്രവര്‍ത്തകരാല്‍ കൊത്തിനുറുക്കപ്പെട്ടിടത്തു നിന്ന് അത്യല്‍ഭുതം പോലെ ജീവിതത്തിലേക്കു തിരിച്ചു വന്ന ജയരാജന് അന്നു മുതലിന്നു വരെ രാഷ്ട്രീയമെന്നാല്‍ ആര്‍.എസ്.എസ്. വിരുദ്ധതയാണ്.

ബി.ജെപിയുടെയും ആര്‍.എസ്.എസിന്റെയും മുന്‍സംസ്ഥാന നേതാക്കളെ വരെ സി.പി.ഐ.എമ്മിന്റെ പാളയത്തിലെത്തിച്ചിട്ടുണ്ട് പില്‍ക്കാല ജയരാജന്‍. അതുകൊണ്ടു തന്നെ, ജയരാജന്റെ തോല്‍വി കോണ്‍ഗ്രസിനോളമോ അതിലേറെയോ ആഗ്രഹിക്കുന്നുണ്ടാവും സംഘപരിവാര്‍ സംഘടനകളും. വടകരയില്‍ മുരളി ജയിച്ചാല്‍ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ മറ്റൊരു സുവര്‍ണാവസരമായി ബി.ജെ.പി. കാണുന്നുമുണ്ട്.

വോട്ടിന്റെ കണക്കില്‍ ബി.ജെ.പിയും ഒരുപാട് പിന്നിലല്ല വടകരയില്‍. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ 76313 വോട്ട് നേടിയ ബി.ജെ.പി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 114317 ആയി ഉയര്‍ത്തുകയുണ്ടായി. മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം അമ്പത്താറായിരത്തില്‍ നിന്നു വെറും മൂവായിരമായി കുറഞ്ഞ തെരഞ്ഞെടുപ്പിലാണു ബി.ജെ.പി. നാല്‍പ്പതിനായിരത്തോളം വോട്ട് അധികം പിടിച്ചത് എന്നതും ശ്രദ്ധേയമാണ്.

ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി.കെ.സജീവന്‍ സ്വദേശി തന്നെയെങ്കിലും പ്രചാരണത്തില്‍ വേണ്ടത്ര സജീവത ഉണ്ടെന്ന് പറയുക വയ്യ.

എന്‍.ബി: ഒരര്‍ഥത്തില്‍, എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലല്ല, പി.ജയരാജനും കെ.മുരളീധരനും തമ്മിലാണ് വടകരയിലെ മല്‍സരം. പരാജയപ്പെട്ടാല്‍ ജയരാജന്റെ രാഷ്ട്രീയജീവിതത്തിലെ പടയോട്ടത്തിനു തല്‍ക്കാലത്തേക്കെങ്കിലും വിശ്രമം വിധിക്കപ്പെടുമെന്നുറപ്പ്. സ്ഥാനാര്‍ഥിയാവാന്‍ വേണ്ടി ജയരാജന്‍ വിട്ടൊഴിഞ്ഞിട്ടു പോയ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്താന്‍ പി.ശശി കരുനീക്കം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

മുരളീധരനാവട്ടെ, ജയിച്ചാലും തോറ്റാലും ലാഭം മാത്രം.. ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ രക്ഷകനായും, തോറ്റാല്‍ രക്തസാക്ഷിയായും മുരളി വാഴ്ത്തപ്പെടും.