മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതികളായ 12 പേരുടെയും കേസ് റദ്ധാക്കി വെറുതെവിട്ടു. 12 പ്രതികളില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും ബാക്കിയുള്ള ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചിരുന്നത്.
180ലധികം പേരുടെ മരണത്തിന് ഇടയാക്കിയ പശ്ചിമ റെയില്‍വേ ശൃംഖലയെ ആകമാനം പിടിച്ചുകുലുക്കിയ ഭീകരാക്രമണം നടന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്. ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം സി ചന്ദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് (തിങ്കളാഴ്ച) വിധി പുറപ്പെടുവിച്ചത്.
2006 ജൂലൈ 11ന് മുംബൈയിലെ വെസ്റ്റേണ്‍ ലൈനില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന ഏഴ് സ്‌ഫോടനങ്ങളില്‍ 180ലധികം പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകുന്നേരം 6:23 നും 6:28 നും ഇടയിലായിരുന്നു സ്‌ഫോടനം നടന്നത്.
ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനുകളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. മാട്ടുംഗയ്ക്കും മീര റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ ഓടുന്ന ട്രെയിനുകളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. മാഹിം, ബോറിവാലി റെയില്‍വേ സ്റ്റേഷനുകളിലെ കമ്പാര്‍ട്ടുമെന്റുകളിലെ യാത്രക്കാര്‍ക്ക് പുറമേ പ്ലാറ്റ്ഫോമില്‍ കാത്തുനിന്നവർക്കും ചര്‍ച്ച്‌ഗേറ്റിലേക്ക് പോകുന്ന ട്രെയിനുകളില്‍ യാത്ര ചെയ്തവരും സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മാഹിം, ബാന്ദ്ര, മീര റോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ വൈകുന്നേരം 6:23ന് ഒരേ സമയം സ്‌ഫോടനങ്ങള്‍ നടന്നു. 6:28ന് ബോറിവാലി സ്റ്റേഷനിലായിരുന്നു അവസാനത്തെ സ്‌ഫോടനം നടന്നത്.
2015ല്‍ പ്രത്യേക കോടതി 12 പേരെ കുറ്റക്കാരായി കണ്ടെത്തി. കമാല്‍ അഹമ്മദ് മുഹമ്മദ് വക്കീല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതൗര്‍ റഹ്‌മാന്‍ ഷെയ്ഖ്, എഹ്തിഷാം ഖുതുബുദ്ദീന്‍ സിദ്ദിഖ്, നവീദ് ഹുസൈന്‍ ഖാന്‍ റഷീദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ ബഷീര്‍ ഖാന്‍ തുടങ്ങിയ പ്രതികളില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
തന്‍വീര്‍ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മാജിദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മര്‍ഗുബ് അന്‍സാരി, മുസമ്മില്‍ അതാര്‍ റഹ്‌മാന്‍ ഷെയ്ഖ്, സുഹൈല്‍ മെഹ്‌മൂദ് ഷെയ്ഖ്, ലാ ഷമീര്‍സന്‍ അഹമ്മദ് എന്നിവരെ ജീവപര്യന്തം തടവിനും വിധിച്ചു.