മോഡിയുടെ സന്ദര്‍ശനത്തിനിടെ ബസ്തറില്‍ 400 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്
Daily News
മോഡിയുടെ സന്ദര്‍ശനത്തിനിടെ ബസ്തറില്‍ 400 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2015, 12:10 pm

MAOISTSS

ഛത്തീസ്ഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  സന്ദര്‍ശനം നടക്കുന്നതിനിടെ ദന്തേവാഡയില്‍ 400ലധികം പേരെ മാവോവാദികള്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്. മോദിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലത്തുനിന്നും 150 കിലോമീറ്റര്‍ അകലെ മരിംഗയിലാണ് മാവോവാദികള്‍ ഗ്രാമീണരെ ബന്ദികളാക്കിയത്.

ഗ്രാമീണരെ ബന്ദികളാക്കിയത് സംബന്ധിച്ച് അധികാരികളില്‍ നിന്നും വ്യത്യസ്ത വിശദീകരണങ്ങളാണ് ലഭിക്കുന്നത്. മരിംഗയിലേക്ക് ഇരച്ചെത്തിയ മാവോവാദികള്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരെ ബന്ദിയാക്കിയതായി സുക്മ അഡീഷണല്‍ സുപ്രണ്ട് ഹരീഷ് റാത്തോര്‍ പറഞ്ഞു.

മാവോയിസ്റ്റുകളുടെ നടപടി ഭീരുത്വമാണെന്നും സര്‍ക്കാര്‍ ഇതിന് വഴങ്ങില്ലെന്നും ബി.ജെ.പി യുടെ ഛത്തീസ്ഗഢ് വക്താവ് ശ്രീചന്ദ് സുന്ദരാനി പറഞ്ഞു.

ദണ്ഡേവാഡയിലെ മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് തുടരുന്നതിനിടയിലാണ് ഗ്രാമീണരെ തടഞ്ഞു വെച്ചിരിക്കുന്നത്.

സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് മാവോയിസ്റ്റുകള്‍ പ്രധാന പാതകളില്‍ മരങ്ങള്‍ മുറിച്ചിടുകയും സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മോദി, മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവുരുടെ കോലം തൂക്കിലേറ്റി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.