ബട്ടാല: പഞ്ചാബിൽ മാധ്യമപ്രവർത്തകന് പൊലീസ് മർദനം. പൊലീസുകാരും മാധ്യമപ്രവർത്തകനും തമ്മിലുള്ള തർക്കത്തെ തുടർന്ന് മാധ്യമ പ്രവർത്തകനെ പൊലീസുകാർ പൊതുമധ്യത്തിലിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പഞ്ചാബിലെ ബട്ടാലയിൽ ഒരു ഹോട്ടലിന് പുറത്ത് വെച്ച് രണ്ട് പൊലീസുകാരെ ചോദ്യം ചെയ്തതിന് ഫ്രീലാൻസ് ജേണലിസ്റ്റായ ബൽവീന്ദർ കുമാർ ഭല്ലയെ സബ് ഇൻസ്പെക്ടർമാരായ മൻദീപ് സിങ്, സുർജിത് കുമാർ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പൊലീസുകാർ ബൽവീന്ദർ കുമാർ ഭല്ലയെ തള്ളിയിടുന്നതും റോഡിൽ ബോധരഹിതനായി അദ്ദേഹം കിടക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
പൊലീസുകാരും താനും തമ്മിൽ ചില കാര്യങ്ങൾ പറഞ്ഞ് തർക്കിച്ചെന്നും ദേഷ്യം വന്ന ഉദ്യോഗസ്ഥർ തന്നെ മഴവെള്ളം കെട്ടികിടന്ന റോഡിലേക്ക് തള്ളിയിട്ടെന്നും വീഴ്ചയുടെ ആഘാതത്തിൽ അബോധാവസ്ഥയിലായെന്നും ഭല്ലയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ കടയുടമകളാണ് മാധ്യമപ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചത്.
ഓഗസ്റ്റ് രണ്ടിന് മാധ്യമ പ്രവർത്തകൻ പ്രതികൾക്കെതിരെ പരാതി നൽകി. ബൽവീന്ദർ കുമാർ ഭല്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചത്.
വീഡിയോയിൽ കാണുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ബട്ടിൻഡയിൽ നിന്ന് ബട്ടാലയിലേക്ക് വന്നതാണെന്ന് സിറ്റി ബട്ടാല ഡി.എസ്.പി സഞ്ജീവ് കുമാർ സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 115(2), 118(1), 3(5) എന്നിവ പ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെത്തുടർന്ന് ബട്ടിൻഡയിലെ അഞ്ചാം കമാൻഡോ ബറ്റാലിയനിൽ നിന്നുള്ള സബ് ഇൻസ്പെക്ടർമാരെ സസ്‌പെൻഡ് ചെയ്തു.
Content Highlight: 2 Punjab Police officers attack journalist on road