വാഷിങ്ടൺ: യു.എസ് തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യൻ കുട്ടികൾ ഉൾപ്പടെ ഏഴ് പേരെ കാണാതായി. അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിലെ രണ്ട് കുട്ടികളെയാണ് കാണാതായത്. കുട്ടികളുടെ മാതാപിതാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം സംഭവത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി കോസ്റ്റ് ഗാർഡ് പറഞ്ഞു.
സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കൾ ലാ ജോല്ലയിലെ സ്ക്രിപ്സ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
യു.എസ് കോസ്റ്റ് ഗാർഡിന്റെ കണക്കനുസരിച്ച് നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. കാണാതായവർക്കായി തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് മുതിർന്ന കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ ലെവി റീഡ് പറഞ്ഞു. തിരച്ചിലിനായി കോസ്റ്റ് ഗാർഡിൻ്റെ എമർജൻസി റെസ്പോൺസ് ബോട്ട്, ഒരു ഹെലികോപ്റ്റർ എന്നിവയും ഉൾപെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) മാറി വടക്കായിട്ടാണ് ബോട്ട് മറിഞ്ഞതെന്ന് ഓഫീസർ ക്രിസ് സപ്പി മാധ്യങ്ങളോട് പറഞ്ഞു.
കുടിയേറ്റക്കാർ സഞ്ചരിക്കുന്ന മത്സ്യബന്ധന ബോട്ടിനെ ‘പങ്ക’ എന്നാണ് കോസ്റ്റ് ഗാർഡുകൾ വിളിക്കാറുള്ളത്. ആളുകളെയോ മയക്കുമരുന്നുകളെയോ കടത്താൻ സാധാരണയായി പങ്കകൾ ഉപയോഗിക്കുന്നുവെന്നും ക്രിസ് സാപ്പി പറഞ്ഞു. ബോട്ട് എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമല്ലെന്നും എന്നാൽ അതിലെ യാത്രക്കാർ വിനോദസഞ്ചാരികൾ അല്ലെന്നും ക്രിസ് സാപ്പി കൂട്ടിച്ചേർത്തു.
കനത്ത സുരക്ഷയുള്ള കര അതിർത്തികൾ ഒഴിവാക്കാൻ കുടിയേറ്റക്കാർ പലപ്പോഴും പങ്കകളിൽ യാത്ര ചെയ്യാറുണ്ട്. അവർ മെക്സിക്കോയിൽ നിന്ന് യാത്ര ആരംഭിച്ച് കാലിഫോർണിയ തീരം വഴി യു.എസിലേക്ക് പ്രവേശിക്കും. എന്നാൽ സമുദ്രം പ്രക്ഷുബ്ധമാകുന്നതിനാൽ ഈ മാർഗം വളരെ അപകടം പിടിച്ചതും ജീവൻ അപകടത്തിലാക്കുന്നതുമാണ്.
Content Highlight: 2 Indian children missing as boat carrying migrants capsizes off US coast