ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് 2 മരണം; രക്ഷപ്പെടുത്തിയത് 8 പേരെ
India
ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് 2 മരണം; രക്ഷപ്പെടുത്തിയത് 8 പേരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 1:22 pm

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ദല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ നടന്ന അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വെല്‍ക്കം പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ ജന്തമസ്ദൂര്‍ കോളനിയിലെ എ ബ്ലോക്കിലാണ് കെട്ടിടം തകര്‍ന്നത്.

നാട്ടുകാരില്‍ പലരും പ്രഭാത നടത്തത്തിന് പോകുന്ന സമയത്തായിരുന്നു അപകടം. സംഭവം നടന്ന ഉടനെ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

14 മാസം പ്രായമുള്ള ഒരു കുട്ടിയെയും മൂന്ന് സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്. കുട്ടിയെ ജി.ടി.ബി ആശുപത്രിയിലും മറ്റുള്ളവരെ ജെ.പി.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിനിടയില്‍ 10 പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നിരവധി പേര്‍ കെട്ടിടത്തിന്റെ ഇടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എത്ര ആളുകള്‍ അവിടെ കുടുങ്ങി കിടക്കുന്നുണ്ട് എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നും നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി അഡീഷണല്‍ ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വടക്കന്‍ ദല്‍ഹിയില്‍ പുല്‍ മിഠായിക്ക് സമീപം മറ്റൊരു കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയിലെ മുസ്തഫാബാദില്‍ സമാനമായി നാലുനില കെട്ടിടം തകര്‍ന്നു വീണ സംഭവം ഉണ്ടായിരുന്നു. അന്ന് നാല് ആളുകള്‍ മരിക്കുകയും പത്തില്‍ അധികം പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlight: 2 dead as three-storey building collapses in Delhi; 8 rescued