സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍
national news
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 5:59 pm

ന്യൂദല്‍ഹി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി കണ്ടെത്തിയതായി എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസറ്റിഗേഷന്‍ ഓഫീസ്). എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ (കൊച്ചിന്‍ മിനറൈല്‍സ് റൂട്ടൈല്‍ ലിമിറ്റഡ്) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയുടെ കമ്പനിയായ എക്‌സാലോജിക്കിന് ചെയ്യാത്ത സേവനങ്ങള്‍ക്ക് പ്രതിഫലം നല്‍കിയെന്ന പരാതിയിലാണ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തിയത്.

എസ്.എഫ്.ഐ.ഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് അഴിമതി നടന്നതായി ആരോപിച്ചിരിക്കുന്നത്.

185 കോടിയുടെ ക്രമക്കേട് സി.എം.ആര്‍.എല്‍ നടത്തിയെന്നും ഇതിന് പുറമെ ചെലുവുകള്‍ പെരുപ്പിച്ച് കാട്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

അഴിമതി മറച്ച് വെക്കാനാണ് ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയതെന്നാണ് കേന്ദ്രത്തിന്റ മറുപടിയില്‍ പറയുന്നത്. ഇതിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സി.എം.ആര്‍.എല്‍ നിയമവിരുദ്ധമായി കോടികള്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. അതിനാല്‍ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ച ഈ കേസ് കോടതി പരിഗണിച്ചപ്പോള്‍ എല്ലാ കക്ഷികളോടും അവരുടെ വാദം എഴുതി നല്‍കാന്‍ കോടതി പറഞ്ഞിരുന്നു. ഇത്പ്രകാരം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ വാദത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കാമെന്ന് ആദായ നികുതി വകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്.

അഴിമതിപ്പണം കണക്കില്‍പ്പെടുത്തി ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയെന്നും കേന്ദ്ര സര്‍ക്കാറിന്റെ വാദത്തില്‍ പറയുന്നു. അടുത്താഴ്ച്ച കേസില്‍ കോടതി വിധി പറയും.

എസ്.എഫ്.ഐ.ഒക്ക് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതേ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരുന്നു ഇ.ഡി അന്വേഷണം നടത്തിയത്.

സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത വീണാ തൈക്കണ്ടിയുടെ എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കിയെന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സി.എം.ആര്‍.എല്‍ 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 135 കോടിയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

Content Highlight: 185 crore  corruption  finds in  CMRL-Exalogic deal says central government