1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു, എന്റെ ടേബിള്‍ ഫ്രീ; ചിലര്‍ക്ക് എം.എല്‍.എ ആവാനാണ് സമരം: വി.സി മോഹനന്‍ കുന്നുമ്മല്‍
Kerala
1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു, എന്റെ ടേബിള്‍ ഫ്രീ; ചിലര്‍ക്ക് എം.എല്‍.എ ആവാനാണ് സമരം: വി.സി മോഹനന്‍ കുന്നുമ്മല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 2:02 pm

തിരുവനന്തപുരം: 20 ദിവസത്തിന് ശേഷം കേരള സര്‍വകലാശാലയില്‍ എത്തി വി.സി മോഹനന്‍ കുന്നുമ്മല്‍. 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം താന്‍ ഒപ്പിട്ടുകഴിഞ്ഞെന്നും ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഒപ്പിടാനില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

ഈ മാസം മൂന്നാം തിയതി മുതല്‍ 8ാം തിയതി വരെ റഷ്യന്‍ ഗവര്‍മെന്റിന്റെ ക്ഷണപ്രകാരം അവിടെ ഒരു കോണ്‍ഫറന്‍സിന് അതിഥിയായി പങ്കെടുക്കാന്‍ പോയതായിരുന്നെന്നും ആ ദിവസങ്ങളില്‍ മറ്റൊരു വി.സിയെ കേരള ഗവര്‍ണര്‍ ചുമതല ഏല്‍പ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

20 ദിവസം വി.സി ഉണ്ടായിരുന്നില്ല എന്നൊക്കെ ചിലര്‍ പറയുന്നത് കളവാണെന്നും എല്ലാ സര്‍ട്ടിഫിക്കറ്റും താന്‍ ഒപ്പിട്ടു കഴിഞ്ഞെന്നും ഇവിടെ നടക്കുന്ന കലാപത്തിന് എണ്ണ പകരേണ്ടെന്ന് കരുതിയാണ് വരാതിരുന്നതെന്നും വി.സി പറഞ്ഞു.

‘ഇപ്പോള്‍ ഈ നിമിഷം വരെ 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടുകഴിഞ്ഞു. അതില്‍ ഇന്ന് മാത്രം വന്ന 145 അപേക്ഷകളും ഉണ്ട്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇനി ഒന്നും തന്നെ ഇവിടെ ഒപ്പിടാനില്ല. അതുകൂടാതെ പി.എച്ച്.ഡിയുടെ പാനല്‍ അങ്ങനെയുള്ള അത്യാവശ്യ ഫയലുകള്‍ എല്ലാം തീര്‍ന്നു.

ഈ ടേബിള്‍ ഫ്രീയാണ്. ഒരു ഫയലും എന്റെ മുന്‍പില്‍ ഇല്ല. യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ ഞാന്‍ കഴിഞ്ഞ 30ാം തിയതിയാണ് യൂണിവേഴ്‌സിറ്റിയില്‍ വന്നത്. അന്നത്തെ എല്ലാ ഫയലുകളും തീര്‍ക്കുകയും എല്ലാ ഡിഗ്രി ഫയലുകളും അപ്രൂവ് ചെയ്യുകയും ചെയ്തിരുന്നു.

അതുകഴിഞ്ഞ് ഇന്ന് 18ാമത്തെ ദിവസമാണ്. പക്ഷേ അതിനിടയില്‍ മൂന്നാം തിയതി മുതല്‍ 8ാം തിയതി വരെ റഷ്യന്‍ ഗവര്‍മെന്റിന്റെ ക്ഷണപ്രകാരം അവിടുത്തെ കാന്‍സര്‍ കോണ്‍ഫറന്‍സിന് അതിഥിയായി പങ്കെടുക്കുകയും അവിടെ പ്രഭാഷണം നടത്താന്‍ പോകുകയും ചെയ്തു.

3ാം തിയതി മുതല്‍ 8ാം തിയതി വരെ റഷ്യയിലേക്ക് പോയതാണ്. ആ ദിവസങ്ങളില്‍ മറ്റൊരു വി.സിയെ കേരള ഗവര്‍ണര്‍ ചുമതല ഏല്‍പ്പിച്ചു. ഡോ. സിസ തോമസിന്. 3ാം തിയതി മുതല്‍ 8ാം തിയതി വരെയും വൈസ് ചാന്‍സിലര്‍ ഉണ്ടായിരുന്നു.

9ാം തിയതി ഞാന്‍ തിരിച്ചുവന്നതിന് ശേഷം ഞാന്‍ ചാര്‍ജ് എടുക്കുകയും ചെയ്തു. 20 ദിവസം വി.സി ഉണ്ടായിരുന്നില്ല എന്നൊക്കെ ചിലര്‍ പറയുന്നത് കളവാണ്. ഇന്ന് ഇവിടെ വന്നതോടെ തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റും ഒപ്പിട്ടു. എല്ലാ കാര്യങ്ങളും നോക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ എന്തുകൊണ്ട് വന്നില്ല എന്ന് ചോദിച്ചാല്‍, നമുക്കറിയാമല്ലോ ഈ യൂണിവേഴ്‌സിറ്റിയുടെ എല്ലാ ഗ്രില്ലുകളും തല്ലിപ്പൊളിച്ച് ഇതിനകത്ത് കയറി അക്രമം നടത്തിയ ആളുകള്‍, അവര്‍ വിദ്യാര്‍ത്ഥികളാണ് എന്നാണ് അവകാശപ്പെടുന്നത്. ആണോ അല്ലയോ എന്ന് നമുക്കിനി തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. വലിയൊരു ശതമാനം പേരും വിദ്യാര്‍ത്ഥികളല്ല എന്നാണ് മനസിലാകുന്നത്.

നമ്മുടെ നാട്ടില്‍ നടക്കുന്ന വലിയൊരു തട്ടിപ്പുണ്ട്. ഏതെങ്കിലും ഒരു കോഴ്‌സിന്് ചേരും. മൂന്ന് വര്‍ഷം കംപ്ലീറ്റ് ചെയ്യും. ഒരു പരീക്ഷയും പാസാവില്ല. അടുത്ത ഡിഗ്രിയ്ക്ക് ചേരും. അങ്ങനെ സ്ഥിരമായി വിദ്യാര്‍ത്ഥിയാകുന്ന പ്രൊഫഷണലുകളുണ്ട്.

ഞാന്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥിയാണ്. ഡോക്ടറാണ് എന്ന് പറയും. ആരോഗ്യസര്‍വകലാശാലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസമാണ് നടക്കുന്നത്. ഇവിടെ ചിലര്‍ വിദ്യാര്‍ത്ഥിയായി തുടരുക എന്നത് പ്രൊഫഷനാക്കുകയും അവരുടെ പ്രധാന പരിപാടി സമരം നടത്തുകയും അക്രമിക്കുകയും ആണ്.

പക്ഷേ ഇതിന്റെ ഇടയില്‍ ഒരുപാട് നല്ല കുട്ടികളുണ്ട്, പാവപ്പെട്ട കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം തകര്‍ക്കപ്പെടുന്നു. ഈ കലാപം ഇവിടെ ഉണ്ടാക്കുമ്പോള്‍ ഞാന്‍ കൂടി വന്ന് ആ കലാപത്തില്‍ എണ്ണയൊഴിക്കേണ്ട എന്ന് വിചാരിച്ചാണ് വരാതിരുന്നത്.

അവര്‍ ഇന്നലെ വി.സിയെ തടയില്ലെന്നും കലാപം ഉണ്ടാക്കില്ലെന്നും പബ്ലിക്കായി പറയുന്നതായി കേട്ടു. ആ വാക്കിനെ വിശ്വസിച്ച്, മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കിയ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും അത് പറയുന്നുണ്ടായിരുന്നു. ആ വാക്കിനെ വിശ്വസിച്ചിട്ടാണ് ഞാന്‍ ഇന്ന് രാവിലെ വന്നത്.

തടയാത്തതില്‍ സന്തോഷമുണ്ട്. അതില്‍ കുട്ടികളുടെ പേരില്‍ ഞാന്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണ്. യൂണിവേഴ്‌സിറ്റി നന്നായി നടക്കണമെന്നതില്‍ സംശയമൊന്നും ഇല്ല. പക്ഷേ ചിലയാളുകള്‍ക്ക് ഒരുപക്ഷേ നേതാവാകാന്‍ വേണ്ടിയുള്ള കളിയാണ്.

കാരണം കുറച്ചുനാള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. അതില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്നവര്‍ അവരുടെ നേതൃത്വ പാടവം പാര്‍ട്ടിയെ കാണിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ കാണിക്കുന്നത്.

ഇയാള്‍ ഒരു നല്ല നേതാവാണല്ലോ എന്ന് പാര്‍ട്ടിക്ക് തോന്നും. പാര്‍ട്ടികള്‍ അങ്ങനെ വിചാരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഒന്ന് മനസിലാക്കണം. കേരളത്തിലെ ജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ ഇവരൊക്കെ പ്രബുദ്ധരാണ്.

അവരുടെ മുന്‍പില്‍ ഈ കോമാളിത്തരം കാണിക്കരുത്. നല്ല രീതിയില്‍ പെരുമാറിയാല്‍ ആളുകള്‍ അവരെ തിരിച്ചറിയുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാം. അതിന് വേണ്ടിയാണ് ഇത് കാണിക്കുന്നത് എന്നതില്‍ സംശയമില്ല.

നാടിന്റെ ഭരണത്തലവന്‍ ഗവര്‍ണറാണ്. യൂണിവേഴ്‌സിറ്റിയുടെ തലവന്‍ ചാന്‍സിലറാണ്. അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ ഒരു പരിപാടിക്ക് വന്ന ശേഷം നിങ്ങള്‍ വരേണ്ട എന്ന് പറയുന്നത് എന്തുമാത്രം അപമാനകരമാണ്.

അദ്ദേഹം അത് ചെയ്തിട്ടില്ല എന്ന് പറയുന്നു, ചെയ്തിട്ടുണ്ടോ എന്നതിലാണ് തര്‍ക്കം. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തുകയാണ്. എന്നിട്ട് അത് അന്വേഷിക്കന്‍ സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തുകയാണ്.

അദ്ദേഹം പറയുന്നതാണോ ശരി അതോ ഗവര്‍ണറെ അപമാനിച്ചു എന്ന് മറ്റുള്ളവര്‍ പറയുന്നത് ശരിയാണോ എന്ന് അന്വേഷിക്കുകയാണ്. നമ്മുടെ നാട്ടില്‍ ആര്‍ക്കെതിരെയും ആരോപണം വന്നാല്‍ സസ്‌പെന്‍ഡ് ചെയ്യുക സ്വഭാവികമാണ്.

പക്ഷേ അത് കഴിഞ്ഞ് അവരെ കുറിച്ച് അന്വേഷിക്കുമ്പോള്‍ കുഴപ്പമില്ല എന്ന് കണ്ടാല്‍ അവര്‍ തിരിച്ചുവരികയും അവരുടെ മുഴുവന്‍ ശമ്പളവും അവര്‍ക്ക് കൊടുക്കയും ചെയ്യും.

നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് അത് ഞാന്‍ അനുസരിക്കുകയില്ല എന്ന് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് മുന്നോട്ടുപോകുക.
വൈസ് ചാന്‍സിലറെ തടയുമെന്ന് പറയുന്നത് നിയമത്തെ ചോദ്യം ചെയ്യലാണ്. നിയമം പാലിക്കണം എന്നാണ് എനിക്ക് ഈ ആളുകളോട് പറയാനുള്ളത്. നിയമം എല്ലാവര്‍ക്കും ഉള്ളതാണ്. എനിക്കായിട്ട് ഒരു നിയമവും ഇല്ല,’ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

Content Highlight: 1838 degree certificates signed, my table is free says VC Mohanan Kunnummal