ആഴ്‌സണലിനെ നാണംകെടുത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഐതിഹാസിക വിജയത്തിന് ഇന്ന് 15 വയസ്. 2011 ഓഗസ്റ്റ് 28ന് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ടിനെതിരെ എട്ട് ഗോളിനാണ് ചുവന്ന ചെകുത്താന്‍മാര്‍ പീരങ്കിപ്പടയെ തകര്‍ത്തുവിട്ടത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആഴ്‌സണല്‍ വഴങ്ങുന്ന ഏറ്റവും മോശം പരാജയമായിരുന്നു അത്.
സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ചെകുത്താന്‍മാര്‍ ആഴ്‌സണ്‍ വെങ്ങറിന്റെ കുട്ടികളെ ഓള്‍ഡ് ട്രാഫോര്‍ഡിലിട്ട് തീര്‍ത്തപ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ മാച്ചുകളിലൊന്നും പിറവിയെടുത്തു.
പരിക്കും വിലക്കുകളും കാരണം പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ആഴ്‌സണലിനെ യുണൈറ്റഡ് അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി ഇത് ഇന്നും ഓര്‍മിക്കപ്പെടുന്നു.
മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഡാനി വെല്‍ബാക്കിലൂടെയാണ് യുണൈറ്റഡ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 28ാം മിനിട്ടില്‍ ആഷ്‌ലി യങ്ങും 41ാം മിനിട്ടില്‍ റൂണിയും ഗോള്‍ നേടി ഓള്‍ഡ് ട്രാഫോര്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാറാടിച്ചു.
ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ തിയോ വാല്‍കോട്ടിന്റെ ഗോളില്‍ ആഴ്‌സണല്‍ അക്കൗണ്ട് തുറന്നു. ഇതോടെ 3-1 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു.
ആദ്യ പകുതിയില്‍ ആഴ്‌സണലിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ തടുത്തിട്ടതും മത്സരത്തിലെ പ്രധാന നിമിഷമായി.
64ാം മിനിട്ടില്‍ റൂണി മത്സരത്തില്‍ തന്റെ രണ്ടാം ഗോളും നേടി. ആ ഗോളിന്റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പ് 67ാം മിനിട്ടില്‍ നാനിയും 70 മിനിട്ടില്‍ പാര്‍ക് ജി സങ്ങും എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചു.
ഗോള്‍ നേട്ടം ആഘോഷിക്കുന്ന വെയ്ന്‍ റൂണി
74ാം മിനിട്ടില്‍ റോബിന്‍ വാന്‍പേഴ്‌സിയിലൂടെ ആഴ്‌സണല്‍ രണ്ടാം ഗോള്‍ മടക്കിയെങ്കിലും 77ാം മിനിട്ടില്‍ കാള്‍ ജെന്‍കിന്‍സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് പീരങ്കിപ്പടയ്ക്ക് തിരിച്ചടിയായി.
ഈ അഡ്വാന്റേജ് മുതലാക്കിയ വെയ്ന്‍ റൂണി 82ാം മിനിട്ടിലെ ഗോളോടെ തന്റെ ഹാട്രിക്കും യങ് 90+1ാം മിനിട്ടില്‍ തന്റെ ബ്രേസും പൂര്‍ത്തിയാക്കി.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ യുണൈറ്റഡ് ആറ് ഗോള്‍ വ്യത്യാസത്തില്‍ വിജയം സ്വന്തമാക്കി.
എന്നാല്‍ സമീപകാലത്തേയ്ക്ക് വരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതാപകാലത്തെ നിഴല്‍ പോലും അവശേഷിക്കുന്നില്ല. അന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആഴ്‌സണലിനെ 8-2ന് തകര്‍ത്തുവിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആ സുവര്‍ണകാലം ഇന്ന് വെറുമൊരു ഓര്‍മ മാത്രമാണ്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്ന വിഖ്യാത പരിശീലകന്‍ ക്ലബ്ബ് വിട്ടതിനുശേഷം യുണൈറ്റഡ് കടന്നുപോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ്.
സമീപകാലത്ത് പ്രീമിയര്‍ ലീഗിലും യൂറോപ്പിലും ടീം നടത്തുന്ന മോശം പ്രകടനങ്ങള്‍ ലോകമെമ്പാടുമുള്ള യുണൈറ്റഡ് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തുന്നു. പഴയ ആധിപത്യം വീണ്ടെടുക്കാന്‍ മാനേജ്‌മെന്റ് കോടികള്‍ ഒഴുക്കുന്നുണ്ടെങ്കിലും, കളിക്കളത്തില്‍ അതിന്റെ ഫലം കാണുന്നില്ല.
ടീമിന്റെ തകര്‍ച്ചയ്ക്ക് തടയിടാന്‍ തുടര്‍ച്ചയായി മാനേജര്‍മാരെ മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് സമീപവര്‍ഷങ്ങളില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കാണുന്നത്. ഡേവിഡ് മോയെസ്, ലൂയിസ് വാന്‍ ഗാല്‍, ജോസെ മൗറീന്യോ, ഒലെ ഗണ്ണര്‍ സോള്‍ഷ്യര്‍, എറിക് ടെന്‍ ഹാഗ് തുടങ്ങി പരിശീലകര്‍ വരികയും പരാജയപ്പെട്ട് പുറത്തുപോവുകയും ചെയ്തു. കളിശൈലിയിലെ സ്ഥിരതയില്ലായ്മയും മാനേജ്‌മെന്റിന്റെ പാളിച്ചകളും ക്ലബ്ബിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
വലിയ കിരീടങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നേടിയിരുന്ന ഒരു ക്ലബ്ബിന്, കഴിഞ്ഞ കുറച്ചുകാലമായി കരബാവോ കപ്പ് (ലീഗ് കപ്പ്) പോലുള്ള ചെറിയ ആശ്വാസ കിരീടങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.
കരബാവോ കപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗ് കിരീടമോ ചാമ്പ്യന്‍സ് ലീഗോ സ്വപ്നം കാണാന്‍ പോലും കഴിയാത്തവിധം യുണൈറ്റഡ് വീണുപോയിരിക്കുന്നു.
അന്ന് ആഴ്‌സണലിനെതിരെ എട്ട് ഗോളുകള്‍ അടിച്ചുകൂട്ടിയ ആ പഴയ ‘റെഡ് ഡെവിള്‍സ്’ വീര്യം വീണ്ടെടുക്കാനും, തങ്ങളുടെ നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
അതേസമയം, കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ച യുണൈറ്റഡിന്റെ പുതിയ സീസണ്‍ തോല്‍വിയോടെയാണ്. പ്രമോഷന്‍ ലഭിച്ചത്തിയ ഹള്‍ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ടീമിന്റെ പരാജയം.
ഓഗസ്റ്റ് 30നാണ് യുണൈറ്റഡ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പ്രമോഷന്‍ ലഭിച്ചെത്തിയ ഇപ്‌സിച്ച് ടൗണാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗ് സീസണില്‍ ടീമിന്റെ ആദ്യ ഹോം മാച്ച് കൂടിയാണിത്.
Content Highlight: 15 years of Manchester United’s 8-2 win over Arsenal