15 മില്ല്യണ്‍ വൃദ്ധര്‍ ഇന്ത്യയില്‍ തനിച്ച് താമസിക്കുന്നതായി സെന്‍സസ്
Daily News
15 മില്ല്യണ്‍ വൃദ്ധര്‍ ഇന്ത്യയില്‍ തനിച്ച് താമസിക്കുന്നതായി സെന്‍സസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2014, 1:28 pm

lonly01[]ന്യൂദല്‍ഹി:  ഇന്ത്യയില്‍ 15 മില്ല്യണ്‍ വൃദ്ധര്‍ തനിച്ച് താമസിക്കുന്നുണ്ടെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും സ്ത്രീകളാണെന്നും സര്‍വേയില്‍ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവരില്‍ 11 ല്‍ ഒരാള്‍ 60 വയസിന് മുകളിലുള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വൃദ്ധരില്‍ ഏഴ് പേരില്‍ ഒരാള്‍ 60 വയസില്‍ താഴെയുള്ള സാഹായികളാരമില്ലാതെ താമസിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഉള്ള വൃദ്ധരില്‍ 25 ശതമാനം പേരും ഇങ്ങനെ താമസിക്കുന്നവരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

2011 സെന്‍സസില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഏകദേശം 250 മില്ല്യണ്‍ കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 31.3 ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് ഒരു വൃദ്ധരെങ്കിലും ഉള്ളത്. മാത്രമല്ല 27 ശതമാനം അതായത് 68 മില്ല്യണ്‍ കുടുംബങ്ങളില്‍ മാത്രമാണ് വൃദ്ധര്‍ യുവാക്കളോടൊപ്പം താമസിക്കുന്നത്. 70 ശതമാനം കുടുംബങ്ങളിലും 60 വയസില്‍ കൂടുതലുള്ളവര്‍ ആരും തന്നെയില്ല.

ഗ്രാമപ്രദേശങ്ങളില്‍ 32.5 ശതമാനം വീടുകളില്‍ വൃദ്ധര്‍ താമസിക്കുന്നുണ്ടെങ്കില്‍ നഗരപ്രദേശങ്ങളില്‍ ഇത് 29 ശതമാനം മാത്രമാണ്. ഗ്രാമപ്രദേശങ്ങളില്‍ 28 ലക്ഷം വൃദ്ധര്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ 8.2 ലക്ഷം വൃദ്ധരാണ് തനിച്ച് താമസിക്കുന്നത്.

60 വയസിനുമുകളില്‍ മാത്രം പ്രായമുള്ളവര്‍ താമസിക്കുന്ന വീടുകളുടെ എണ്ണം ഗ്രാമപ്രദേശങ്ങളില്‍ 12 മില്ല്യണും നഗര പ്രദേശങ്ങളില്‍ 3.7 മില്ല്യണും ആണ്.

ജമ്മു-കശ്മീരിലാണ് തനിച്ച് താമസിക്കുന്ന വൃദ്ധരുടെ എണ്ണം ഏറ്റവും കുറവുള്ളത്. 5.8 ശതമാനം വൃദ്ധരാണ് ഇവിടെ തനിച്ച് കഴിയുന്നത്. ആസാമില്‍ ഇത് 6.5 ശതമാനവും ഹരിയാനയില്‍ 8.7 ശതമാനവും ആണ്.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമാണ് ഏറ്റവും കൂടുതല്‍ വൃദ്ധര്‍ തനിച്ച് താമസിക്കുന്നത്. ഛത്തീസ്ഗഢാണ് പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്നത്.