എഡിറ്റര്‍
എഡിറ്റര്‍
ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
എഡിറ്റര്‍
Thursday 28th September 2017 10:50pm


തിരുവനന്തപുരം: ഷാര്‍ജയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ഇന്ന് രാവിലെയാണ് തടവിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മോചിതരായത്. കഴിഞ്ഞദിവസം കേരള സന്ദര്‍ശത്തിനിടെ കേരള മുഖ്യമന്ത്രിക്ക് ഷാര്‍ജ ഭരണാധികാരി നല്‍കിയ വാക്ക് പ്രകാരമാണ് ഷാര്‍ജ ഭരണകൂടത്തിന്റെ നടപടി.

തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഷാര്‍ജ ഭരണാധികാരി ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പറഞ്ഞിരുന്നത്. മോചിപ്പിക്കപ്പെട്ടവരില്‍ പലരും പത്തുമണിയോടെ നാട്ടിലേക്കു മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 20 നും 62 നും ഇടയില്‍ പ്രായമുള്ളവരാണ് മോചിതരായത്.


Also Read: ഹാദിയ കേസ്; വനിതാ കമ്മീഷന്‍ യുവതിക്കൊപ്പം മാത്രമെന്ന് ജോസഫൈന്‍


സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ട് ഷാര്‍ജയിലെ ജയിലില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷയനുഭവിക്കുന്നവരെയാണ് മോചിപ്പിച്ചത്. ഇവരുടെ 36 കോടിയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ സര്‍ക്കാര്‍ തന്നെ അടച്ചുതീര്‍ക്കുകയായിരുന്നു.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനം.


Dont Miss: യശ്വന്ത് സിന്‍ഹ പറഞ്ഞതില്‍ എന്താണ് തെറ്റ്’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയും


യു.എ.ഇയിലേക്ക് എപ്പോള്‍ വേണമെങ്കില്‍ മടങ്ങി വരാമെന്ന വ്യവസ്ഥയിലാണ് തടവുകാര്‍ക്ക് മോചനം നല്‍കിയിരിക്കുന്നത്. ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നായിരുന്നു താന്‍ അഭ്യര്‍ത്ഥിച്ചിരുന്നതെന്നും. എന്നാല്‍ ‘എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’ എന്നായിരുന്നു ഷാര്‍ജ ഭരണാധികാരിയുടെ മറുപടിയെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement