2024ല്‍ കൊല്ലപ്പെട്ടത് 146 പേര്‍; ലോകത്താകെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിക്രമത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്
World
2024ല്‍ കൊല്ലപ്പെട്ടത് 146 പേര്‍; ലോകത്താകെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിക്രമത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th September 2025, 7:12 pm

വാഷിങ് ടൺ: 2024 ൽ ലോകമെമ്പാടുമായി ഏകദേശം 150 ഭൂമി പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും അതിൽ മൂന്നിലൊന്ന് കേസുകളും കൊളംബിയയിലാണെന്നും ഗ്ലോബൽ വിറ്റ്നെസിന്റെ റിപ്പോർട്ട്.

2023 നേക്കാൾ 2024 ലെ കണക്കുകൾ കുറവാണെന്നും 196 പേരിൽ നിന്ന് 146 ആയി കുറഞ്ഞെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ പല ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നും സംഘടന അറിയിച്ചു.

എന്നാൽ ഇതുകൊണ്ട് ലോകത്തെ കാലാവസ്ഥ പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ സുരക്ഷിതരാണെന്ന് പറയാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. കൊലപാതങ്ങളുടെയും തിരോധാനങ്ങളുടെയും കേസുകൾ പരിശോധിക്കുന്നതിൽ പലപ്പോഴും തടസ്സങ്ങൾ ഉണ്ടെന്നും അതിനാൽ അവ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറവാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

‘നമ്മുടെ ഭൂമിയുടെ പ്രതിരോധത്തിനായി സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നിയമ വ്യവസ്ഥയെ ആയുധമാക്കുകയാണ്’ ഗ്ലോബൽ വിറ്റ്നെസിന്റെ മുതിർന്ന പ്രചാരകയായ റേച്ചൽ കോക്സ് പറഞ്ഞു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് കൊളംബിയയിൽ ഉയർന്ന തോതിലുള്ള ആക്രമണങ്ങൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്.

ലോകമെമ്പാടുമുള്ള 2,250-ലധികം പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ കൊലപാതകങ്ങളും കാണാതാകലുകളും 2012 മുതൽ ഗ്ലോബൽ വിറ്റ്‌നസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതലും ലാറ്റിൻ അമേരിക്കയിലാണ് സംഭവിച്ചത്.

ഇതിൽ 2018-ൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഉടമ്പടിയായ എസ്കാസു കരാർ ഈ മേഖല അംഗീകരിച്ചതിനുശേഷം ഏകദേശം 1,000 കേസുകൾ ഇതിൽ ഉൾപ്പെട്ടു.

പാരിസ്ഥിതിക തീരുമാനങ്ങൾ എടുക്കുന്നതിനും അതിൽ പൊതു പങ്കാളിത്തം ഉറപ്പാക്കുന്നതിനും, നിലവിലുള്ളതും ഭാവിയിലെയും തലമുറകൾക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനും, പരിസ്ഥിതിയെ സംരക്ഷിക്കുന്നവർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനും നടപടികൾ സ്വീകരിക്കാനുള്ള കരാറാണിത്.

2024 ൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 82 ശതമാനവും ലാറ്റിൻ അമേരിക്കയിലാണ് നടന്നത്. അതിൽ 48 കൊലപാതകങ്ങൾ നടന്നത് കൊളംബിയയിലാണ്. ആഗോളതലത്തിൽ ആകെയുള്ള മാരകമായ ആക്രമണങ്ങളുടെ മൂന്നിലൊന്നും കൊളംബിയയിലാണ് നടന്നത്. ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മെക്സിക്കോയും ബ്രസീലും ഉൾപ്പെടുന്നുണ്ട്.

ഗ്വാട്ടിമാലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതങ്ങളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനവ് ഉണ്ടായിട്ടുണ്ട്. 2023 ൽ നാലായിരുന്ന കണക്ക് 2024 ആകുമ്പോഴേക്കും അത് 20 ആയി വർധിച്ചു.

രാഷ്ട്രീയ മാറ്റങ്ങൾ കൊലപാതകങ്ങളുടെ വർധനവിന് കാരണമാകുന്നുവെന്ന് ഗവേഷകർ പറയുന്നു.

അഴിമതിക്കെതിരെ പോരാടാനും അസമത്വം പരിഹരിക്കാനും വർഷങ്ങളായി ജനാധിപത്യപരമായ തകർച്ചയ്ക്കു ശേഷം തദ്ദേശീയ ജനതയ്‌ക്കെതിരായ വിവേചനം പരിഹരിക്കാനും പ്രസിഡന്റ് ബെർണാർഡോ അരേവാലോ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് ഉണ്ടായ പ്രധാന രാഷ്ട്രീയ മാറ്റങ്ങളിലൊന്നാണ് ഈ വർധനവ്.

2016-ലും 2018-ലും സ്വേച്ഛാധിപത്യ പ്രസിഡന്റുമാരായ ഇവാൻ ഡ്യൂക്ക്, റോഡ്രിഗോ ഡ്യൂട്ടെർട്ടെ എന്നിവരുടെ തെരഞ്ഞെടുപ്പിനെത്തുടർന്ന് കൊളംബിയയിലും ഫിലിപ്പീൻസിലും പ്രതിരോധക്കാർക്കെതിരായ ആക്രമണങ്ങളിൽ വർദ്ധനവ് ഉണ്ടായി.

പാരീസ് ഉടമ്പടിയിൽ നിന്നും മനുഷ്യാവകാശ കൗൺസിലിൽ നിന്നും യുഎസ് പിന്മാറിയതും മനുഷ്യാവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ യൂറോപ്യൻ യൂണിയൻ ദുർബലപ്പെടുത്തിയതും ഉൾപ്പെടെയുള്ള പരിസ്ഥിതി, മനുഷ്യാവകാശ നയങ്ങളിലെ പ്രധാന മാറ്റങ്ങൾക്കിടയിലാണ് റിപ്പോർട്ട് വരുന്നത്.

Content Highlight: 146 people killed in 2024; Report reveals that environmental activists are facing violence across the world