വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ദല്‍ഹിയില്‍ നിരോധനാജ്ഞ
national news
വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ദല്‍ഹിയില്‍ നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 11:28 am

ന്യൂദല്‍ഹി: വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇതേതുടര്‍ന്ന് ദല്‍ഹിയില്‍ മറ്റ് വലിയ സമ്മേളനങ്ങള്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.

ദല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ ‘ചലോ രാഷ്ട്രപതി ഭവന്‍’ മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജി.എസ്.ടി നിരക്ക് വര്‍ധന എന്നിവയ്ക്കെതിരെയാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഒരുങ്ങുന്നത്.

സുരക്ഷ, ക്രമസമാധാനം, ട്രാഫിക് എന്നിവ കണക്കിലെടുത്ത് ജന്തര്‍ മന്തര്‍ ഒഴികെയുള്ള ദല്‍ഹിയിലെ മറ്റു മുഴുവന്‍ പ്രദേശങ്ങളിലും 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നഗരത്തില്‍ മറ്റു പ്രതിഷേധങ്ങളോ ധര്‍ണയോ പാടില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപകമായി ‘ഹല്ലാ ബോല്‍’ എന്ന ‘വിലക്കയറ്റ വിരുദ്ധ’ പ്രതിഷേധം നടത്തുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുന്‍ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് ഈ പ്രതിഷേധം.

കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യാഴാഴ്ച ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനെതിരെ നിരന്തരം സഭകളില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അംഗങ്ങള്‍ സഭയില്‍ അനിയന്ത്രിതമായി പെരുമാറിയെന്നാരോപിച്ച് ഇരുസഭകളിലും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, ദല്‍ഹിയില്‍ സുരക്ഷയ്ക്കായി പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ തിരക്ക് അടിസ്ഥാനമാക്കി വാഹനങ്ങള്‍ വഴിതിരിച്ചുവിടും.

Content Highlight: 144 declared in Delhi ahead of Congress’s anti-inflation protest, tight security in Delhi