വ്യാഴാഴ്ച ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ട്
World News
വ്യാഴാഴ്ച ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th May 2025, 12:23 pm

ഗസ സിറ്റി: വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 പേരും കുട്ടികളായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഹമാസിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനായി വരും ദിവസങ്ങളില്‍ ഇസ്രഈല്‍ സൈന്യം ‘പൂര്‍ണ്ണ ശക്തിയോടെ’ ഗസയിലേക്ക് കടക്കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായത്.

പൗരന്മാരെ സമ്മര്‍ദത്തിലാക്കാന്‍ സ്ഥലം കുറയ്ക്കുകയും ജനവാസ മേഖലകള്‍ ശൂന്യമാക്കുകയും ചെയ്യുകയെന്ന നയമാണ് ഇസ്രഈല്‍ ഉപയോഗിക്കുന്നതെന്ന് ഗസയിലെ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസല്‍ പ്രതികരിച്ചിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മാര്‍ച്ച് 18ന് ഇസ്രഈല്‍ ഗസയില്‍ വലിയ തോതിലുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നു. അതിനുശേഷം, 2,876 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 7,800ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് രണ്ട് മുതല്‍ ഗസയിലേക്ക് ഒരു മാനുഷിക സഹായവും എത്തിച്ചിട്ടില്ലെന്നും കൂടാതെ ഗസയില്‍ അരലക്ഷത്തോളം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്നും ആഗോള പട്ടിണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയില്‍ കുറഞ്ഞത് 53,010 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 119,919 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായായാണ് ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ആക്രമണത്തില്‍ 61,700ല്‍ കുടുതല്‍ പേര്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിനിടയില്‍ കാണാതായ ആളുകളെ മരിച്ചതായി കണക്കാക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: 143 Palestinians killed in Israeli airstrikes in Gaza on Thursday: Report