ഉത്തര്‍പ്രദേശില്‍ 14 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു
dalit atrocities
ഉത്തര്‍പ്രദേശില്‍ 14 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു
ന്യൂസ് ഡെസ്‌ക്
Monday, 2nd September 2019, 11:47 am

ജലൗന്‍: 14 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് സംഭവം. സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ജലൗന്‍ ജില്ലയിലെ ‘അടാ’ പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്നു രാത്രി തന്നെ പൊലിസില്‍ പരാതി നല്‍കി.

ഞായറാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട നിലയിലുമായിരുന്നു. കൊലപാതകത്തിന് മുമ്പ് ലൈംഗികമായി ആക്രമിച്ചതായി സംശയമുണ്ടെന്നും പൊലിസ് പറയുന്നു.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ രഞ്ജിത് അഹിര്‍വാറിനെ ഐ.പി.സി 302, 363 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ഝാന്‍സി സോണല്‍ ഡി.ഐ.ജി സുഭാഷ് സിംഗ് ബാഗേല്‍ പറഞ്ഞു.

ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിനു ഇയാള്‍ക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും അറസ്റ്റു ചെയ്ത ആളെ ചോദ്യം ചെയ്യുകയാണെന്നും ഡി.ഐ.ജി പറഞ്ഞു.