സ്വർണകൊള്ള കേസിൽ 13ാം പ്രതി; തന്ത്രി കണ്ഠരര് രാജീവ് റിമാൻഡിൽ
Kerala
സ്വർണകൊള്ള കേസിൽ 13ാം പ്രതി; തന്ത്രി കണ്ഠരര് രാജീവ് റിമാൻഡിൽ
ശ്രീലക്ഷ്മി എ.വി.
Friday, 9th January 2026, 8:47 pm

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ് റിമാൻഡിൽ. കട്ടിളപ്പാളി കവർന്ന കേസിൽ 14 ദിവസത്തേക്ക് തന്ത്രിയെ റിമാൻഡ് ചെയ്തു. കേസിലെ 13ാം പ്രതിയായാണ് കണ്ഠരര് രാജീവിനെ രേഖപ്പെടുത്തിയത്.

തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലിലേക്ക് കണ്ഠരര് രാജീവിനെ കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം പതിമൂന്നിന് ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കൊല്ലം വിജിലൻസ് കോടതി അറിയിച്ചു. ആവശ്യമെങ്കിൽ ജയിൽ വൈദ്യസഹായം നൽകാമെന്നും കോടതി നിർദേശിച്ചു.

കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിന് കുറ്റകരമായ മൗനാനുവാദം നൽകിയെന്നും ചട്ടലംഘനം നടന്നപ്പോൾ ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടി.

തന്ത്രി ആചാരലംഘനത്തിനും ദേവസ്വം ബോർഡിന്റെ വസ്തുവകകൾ കൊണ്ടുപോകുന്നതിനും കൂട്ടുനിന്നു. താന്ത്രിക വിധി പാലിച്ചില്ല. കട്ടിള പ്പാളികൾ കൊണ്ടുപോകാൻ ഒത്താശ ചെയ്‌തു. ദേവന്റെ അനുജ്ഞ വാങ്ങിയില്ല. കട്ടിളപ്പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ക്രമക്കേട്, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും തന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്.

വകുപ്പ് 403 വസ്തുവകകൾ ദുരുപയോഗം ചെയ്യുക, 406 വിശ്വാസ വഞ്ചന, 409 സർക്കാർ ഉദ്യോഗസ്ഥനോ ബാങ്കറോ വ്യാപാരിയോ അല്ലെങ്കിൽ ഏജന്റോ നടത്തുന്ന വിശ്വാസ വഞ്ചന, 466 കോടതി രേഖകളിലോ പൊതുരജിസ്ട്രറിലോ വ്യാജ രേഖ ചമയ്ക്കൽ, 467 വിലപ്പെട്ട രേഖകളോ വിൽപത്രമോ വ്യാജമായി നിർമ്മിക്കൽ, 120 ബി ക്രിമിനൽ ഗൂഢാലോചന, 34 പൊതുവായ ഉദ്ദേശത്തിന് ഒന്നിലധികം പേർ നടത്തുന്ന കുറ്റകൃത്യങ്ങൾ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും കണ്ഠരര് രാജീവിനെതിരെ ചുമത്തിയിട്ടുണ്ട്.

Content Highlight: 13th accused in gold robbery case; Thantri Kantarar Rajeev in remand

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.