ദീര്‍ഘകാലത്തേക്കുള്ള പരിഹാരം വേണം; എ.ഐ.എഫ്.എഫിന് കത്തെഴുതി ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍
Football
ദീര്‍ഘകാലത്തേക്കുള്ള പരിഹാരം വേണം; എ.ഐ.എഫ്.എഫിന് കത്തെഴുതി ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th December 2025, 9:00 pm

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധിയില്‍ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എ.ഐ.ഐ.എഫ്) കത്തെഴുതി കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ഇന്ത്യന്‍ സൂപ്പര്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ക്ലബ്ബുകള്‍. പുതിയ ടെന്‍ഡറിന് കാത്തിരിക്കാതെ ഇന്ത്യന്‍ ഫുട്‌ബോളിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ദീര്‍ഘകാലത്തേക്കുള്ള പരിഹാരം കാണാമെന്ന് ആവശ്യപ്പെട്ടാണ് ക്ലബ്ബുകളുടെ കത്ത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 13 ക്ലബ്ബുകളാണ് ഈ ആവശ്യം ഉന്നയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ, എഫ്.സി ഗോവ, സ്‌പോര്‍ട്ടിങ് ക്ലബ് ദല്‍ഹി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷെദ്പ്പൂര്‍, ബെംഗളൂരു എഫ്.സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈയിന്‍ എഫ്.സി, മുംബൈ സിറ്റി, പഞ്ചാബ് എഫ്.സി, ഒഡിഷ എഫ്. സി, മുഹമ്മദന്‍ സ്പോര്‍ട്ടിങ് എന്നിവരാണ് കത്ത് എഴുതിയ മറ്റ് ക്ലബ്ബുകള്‍.

കേരള ബ്ലാസ്റ്റേഴ്‌സ് Photo: KeralaBlasters/x.com

ഇവര്‍ക്കൊപ്പം ലീഗിലേക്ക് പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട ഇന്റര്‍ കാശിയും എ.ഐ.എഫ്.എഫിന് കത്തെഴുതിയിട്ടുണ്ട്. ഫെഡറേഷനും ഐ.എസ്.എല്ലിന്റെ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള കരാര്‍ ഡിസംബര്‍ 8ന് അവസാനി ക്കാനിരിക്കെയാണ് ക്ലബ്ബുകളുടെ ഈ നീക്കം.

‘കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ മിക്ക ക്ലബ്ബുകളും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി നീണ്ടുപോകുന്നത് ക്ലബ്ബുകളുടെ പ്രവര്‍ത്തനം സാമ്പത്തികമായി അസാധ്യമാക്കുകയാണ്. ഐ.എസ്.എല്‍ ക്ലബ്ബുകള്‍ 11 വര്‍ഷമായി ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ രീതിയില്‍ നിക്ഷേപം നടത്തുന്നുണ്ട്. ടൂര്‍ണമെന്റില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനമാണ് താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ശമ്പളം നല്‍കാനും മറ്റും ഉപയോഗിച്ചിരുന്നത്.

ഇപ്പോള്‍ ലീഗ് നടക്കാത്തതിനാല്‍ സ്‌പോണ്‍സര്‍മാരെല്ലാം താല്‍ക്കാലികമായി കരാര്‍ നിര്‍ത്തലാക്കുകയോ പിന്മാറുകയോ ചെയ്യുകയാണ്. അതിനാല്‍ തന്നെ ക്ലബ്ബുകളുടെ വരുമാനം പൂര്‍ണമായി നിലച്ചു,’ ക്ലബ്ബുകള്‍ കത്തില്‍ പറഞ്ഞു.

ഐ.എസ്.എൽ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് Photo: mohunbagansg/X.com

ക്ലബ്ബുകളുടെ നിലനില്‍പ്പും ഐ.എസ്.എല്ലിന്റെയും ഇന്ത്യന്‍ ഫുട്ബോളിന്റെയും ഭാവിയും സുപ്രീം കോടതിയില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കുന്നുവെന്നും ക്ലബ്ബുകള്‍ പറഞ്ഞു. അതിനാല്‍ തന്നെ ഇതിന് വേണ്ട അടിയന്തര നടപടി എടുക്കണം.

എങ്കില്‍ മാത്രമേ കാലതാമസമില്ലാത്ത സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഇനി നടപടി സ്വീകരിക്കാന്‍ വൈകിയാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നേടിയ വളർച്ച യെ ഇല്ലാതാക്കുമെന്നും ക്ലബ്ബുകള്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: 13 ISL clubs including Kerala Blasters wrote letter to AIFF demanding long term solution for existing crisis in Indian Football