ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ 12 വയസുകാരനായ ബന്ധുവായ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമ്മയുടെ അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടുപോയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ക്രൂരതയ്ക്ക് ഇരയാക്കിയത്. ഗുലാരിഹ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ചണ്ഡീഗഢില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് പ്രതിയായ കുട്ടി ഈ ഗ്രാമത്തില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി താന്‍ മദ്യം കഴിച്ചിരുന്നതായും, അതിനുശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച അന്വേഷണസംഘം അന്‍പതിലധികം അശ്ലീല വീഡിയോകളും, നൂറിലധികം അശ്ലീല വെബ്സൈറ്റുകള്‍ തിരഞ്ഞതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കുടുംബാംഗങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, വെള്ളിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. തുടര്‍ന്ന് ഗ്രാമത്തിലും സമീപത്തെ പാടശേഖരങ്ങളിലും വീട്ടുകാര്‍ വ്യാപകമായ തിരച്ചില്‍ നടത്തി.
ശനിയാഴ്ച രാവിലെ, വീട്ടില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെയുള്ള ഒരു പാടത്തെ തകരഷെഡിന് സമീപം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കഠിനമായ വേദനയാല്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുഞ്ഞ്.
ഉടന്‍ തന്നെ കുഞ്ഞിനെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും, ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വൈദ്യപരിശോധനയില്‍ കുഞ്ഞ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് ശേഷം കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചിരുന്നു. ഇതിനിടയിലാണ് മൂന്ന് ദിവസം മുന്‍പ് മാത്രം ചണ്ഡീഗഢില്‍ നിന്നെത്തിയ 12 വയസ്സുകാരനായ ബന്ധുവിനെക്കുറിച്ച് പോലീസിന് സംശയം തോന്നിയത്.
ഞായറാഴ്ച കസ്റ്റഡിയിലെടുത്ത കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയതെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
കുഞ്ഞ് നിലവില്‍ മികച്ച രീതിയിലുള്ള ചികിത്സയിലാണെന്നും സംഭവത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സിറ്റി പോലീസ് സൂപ്രണ്ട് നിമേഷ് പാട്ടീല്‍ അറിയിച്ചു.
Content Highlight: 12-year-old boy rapes 9-month-old baby in UP